മന്ത്രി തോമസ് ചാണ്ടിക്കും എന്‍സിപിക്കും ഇന്ന് നിര്‍ണായക ദിനം. വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ആലപ്പുഴ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയടക്കം നാല് കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്ത്രിക്കും സാധാരണക്കാര്‍ക്കും രണ്ട് നീതിയോ എന്ന കോടതി പരാമര്‍ശം ഈ പൊതുതാല്‍പ്പര്യ ഹര്‍ജിയടക്കമുള്ളവയാണ് ഇന്ന് കോടതി പരിഗണിക്കുക. അനുകൂലമായി കോടതിയില്‍ നിന്നും എന്തെങ്കിലും ലഭിച്ചാല്‍ അതില്‍ പിടിച്ചു നിന്ന് രാജി ഒഴിവാക്കാനാകും തോമസ് ചാണ്ടി ശ്രമിക്കുക. അതേസമയം, പ്രതികൂലമായാണെങ്കിലും രാജിയല്ലാതെ മറ്റു പോംവഴികളുണ്ടാകില്ലെന്നാണ് വിലയിരുത്തലുകള്‍. കോടതിയില്‍ നിന്നും കടുത്ത നിര്‍ദ്ദേശങ്ങളുണ്ടായാല്‍ മന്ത്രിസഭയില്‍ കടിച്ചു തൂങ്ങാന്‍ സമ്മതിക്കില്ലെന്ന് പരസ്യമായി പറയുമെന്ന് സിപിഐ സൂചിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനും ഈ നിലപാട് തന്നെയായിരിക്കും. തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. രാജിവെച്ചൊഴിയാനുള്ള സമ്മര്‍ദ്ദം സിപിഎമ്മും സിപിഐയും തോമസ് ചാണ്ടിക്കെതിരേ നല്‍കുന്നുണ്ടെങ്കിലും രാജവെക്കില്ലെന്ന നിലപാടിലേക്കാണ് എന്‍സിപി കാര്യങ്ങള്‍ നയിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു ശേഷം എന്‍സിപി യോഗം ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. അതേസമയം, ശരത് പവാറടക്കമുള്ള കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുക.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി: തീരുമാനം ഇന്നറിയാം; കേന്ദ്ര നേതാക്കളെത്തും
Tags: thomas chandy case