തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; കലക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് കോടതി

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. തോമസ് ചാണ്ടിക്ക് കലക്ടർ നൽകിയ രണ്ടു നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. നോട്ടീസ് നൽകിയത് തെറ്റായ സർവേ നമ്പരിലാണെന്ന് കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. വസ്തുതകൾ പരിശോധിച്ചില്ലെന്നും അറിയിച്ചു. ഇതോടെ, കലക്ടർ എന്തുജോലിയാണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ‌വാട്ടർവേൾഡ് ടൂറിസം കമ്പനിയാണ് ഹർജി നൽകിയത്. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസ്. ഈ നോട്ടീസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടീസും കലക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടീസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടീസ് റദ്ദാക്കിയത്. കലക്ടർ പുറപ്പെടുവിച്ച ആദ്യ നോട്ടീസിൽ തുടർനടപടികൾ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചത്.

Top