
ചെന്നൈ: തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരില്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പകുതിപേര്‍ക്കും വെടിയേറ്റത് പിന്നില്‍ നിന്നുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മെയിലാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പുസംസ്‌കരണശാലയ്ക്കുനേരെ സമരം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്.
കഴിഞ്ഞ മേയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ ആകെ 13 പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. തലയുടെ വശങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയാണു രണ്ടു പേര്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണു പുറത്തുവിട്ടത്. 17 വയസ്സുകാരിയായ ജെ. സ്‌നോലിന്‍ എന്ന പെണ്‍കുട്ടിക്കാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറവ്. തലയ്ക്കു പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട പെണ്‍കുട്ടിയുടെ വായിലൂടെയാണു പുറത്തെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു സ്‌നോലിന്റെ കുടുംബം പ്രതികരിച്ചു.
യുഎന്‍ അടക്കം അപലപിച്ച സംഭവത്തില്‍ ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ തൂത്തുക്കുടി ജില്ലാ ഭരണകൂടമോ സംസ്ഥാന പൊലീസ് മേധാവികളോ തയാറായിട്ടില്ല. തമിഴ്‌നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് നിറയൊഴിച്ചത്.
സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. കലക്ടറുടെ ഓഫിസിലേക്കു ഇരച്ചു കയറിയ പ്രതിഷേധക്കാര്‍ തീവയ്ക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്. ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ചെമ്പുശുദ്ധീകരണശാല.
തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്ലാന്റുകളില്‍നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നെന്നാണു പ്രദേശവാസികളുടെ പരാതി. അരയ്ക്കു താഴെ വെടിവെക്കാനേ പാടുള്ളൂവെന്നാണ് നിയമം പോലീസ് ഇതെല്ലാം കാറ്റില്‍ പറത്തിയെന്നാണ് തെളിയുന്നത്.