തൃശൂര്‍: ആനകളോട് പാപ്പാന്‍മാര്‍ കാണിക്കുന്ന ക്രൂരത കാലങ്ങളായി കേള്‍ക്കുന്നതാണ്. ഇത്തവണ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്കും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആനകളെ ദ്രോഹിക്കുന്നത് ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
67 ആനകളില്‍ 31 നേയും എഴുന്നെള്ളിച്ചത് അനധികൃതമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുറിവേറ്റ ആരോഗ്യമില്ലാത്ത ആനകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി എഴുന്നെള്ളത്തിന് എത്തിച്ചു. ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ ആനപ്പന്തിയില്‍ പോയപ്പോള്‍ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂര്‍ പൂരത്തിന് എത്തിച്ചതില്‍ 31 ആനകള്‍ക്കും ഉടമസ്ഥാവകാശ രേഖപോലും ഉണ്ടായിരുന്നില്ല.
തോട്ടി പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ആനകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ആരോഗ്യമില്ലാത്ത ആനകളെ കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആനകളെ ദ്രോഹിക്കുന്ന ചിത്രങ്ങളടക്കമാണ് മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.