ശക്തയായ ഒരു സബ്കളക്ടറെ കിട്ടിയ സന്തോഷ്ത്തിലാണ് തൃശ്ശൂരിലെ ജനങ്ങള്‍. നീതിക്ക് വേണ്ടി അണുകിട ചലിക്കാതെ നിലകൊള്ളുന്ന ഒരു സബ് കളക്ടര്‍. ഇത് ഡോ. രേണുരാജ് ഐ.എ.എസ്. ബസ് ജീവനക്കാരന്റെ മകള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടി. പിന്നെ, സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി. കോട്ടയം സ്വദേശിനിയായ ഡോ. രേണുരാജ് ഇരുപത്തിയേഴാം വയസില്‍ ഐഎഎസുകാരിയായി. വിവിധ ജില്ലകളിലെ പരിശീലനത്തിന് ശേഷം, തൃശൂര്‍ സബ് കലക്ടറായി ഈയിടെയാണ് ചുമതലയേറ്റത്. നീതിബോധമുള്ള ഉദ്യോഗസ്ഥ.
വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. സി.പി.എം. നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുള്‍സലാമിന്റെ സഹോദരനാണ് ഇപ്പോല്‍ ക്വാറിയുടെ നടത്തിപ്പുകാരന്‍. എന്നാല്‍ പ്രസിഡന്റ് തന്നെ നേരിട്ട് നടത്തിയിരുന്നതാണിത്. പഞ്ചായത്ത് പ്രസിഡന്റായതോടെ ക്വാറി സഹോദരനെ ഏല്‍പിച്ചു. ഈ ക്വാറിയില്‍ നിന്ന്് പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറുകള്‍ രാവിലെ തൊട്ടേ പായുകയാണ്. വാഴക്കോട് ക്വാറിക്കു സമീപം സാധാരണ ടിപ്പറുകള്‍ മാത്രമേ കാണാറുള്ളൂ. വെളുപ്പിന് ആറരയ്ക്കു പതിവില്ലാതെ ഒരു വാഹനം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. അധികം വൈകാതെ, ആ വാഹനത്തില്‍ നിന്ന് ഒരു വനിത പുറത്തിറങ്ങി. ഇതാരാണിതെന്ന് ടിപ്പര്‍ ഡ്രൈവര്‍മാര്‍ പരസ്പരം ചോദിച്ചു. അപ്പോഴാണ്, വണ്ടിയുടെ മുമ്പിലെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. സബ് കലക്ടര്‍.
വാഴക്കോട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് സംഭവം. ചോദിക്കാനും പറയാനും ആരുമില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ലോക്കല്‍ പൊലീസിനും കൃത്യമായ മാസപ്പടി. കെട്ടിടം നിര്‍മിക്കാന്‍ കുഴി കുത്തി ഒരു കല്ലിടാന്‍ നൂറുനിയമം പറയുന്ന നാട്ടില്‍ വന്‍തോതില്‍ ക്വാറിയില്‍ നിന്ന് പാറപൊട്ടിച്ചു. ലക്ഷങ്ങളുടെ കല്ലുകള്‍ വിറ്റു. ലാഭവിഹിതം ഉദ്യോഗസ്ഥരുടെ കീശ നിറച്ചപ്പോള്‍ നിയമലംഘനം ആരും കണ്ടില്ല. ഈയിടെയാണ് പുതിയ സബ് കലക്ടര്‍ ചുമതലയേറ്റ വിവരം നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞത്. തഹസില്‍ദാര്‍ക്കോ വില്ലേജ് ഓഫിസര്‍ക്കോ പരാതി നല്‍കാതെ നാട്ടുകാരില്‍ ചിലര്‍ സബ് കലക്ടറെ കാര്യം അറിയിച്ചു. പരാതി കിട്ടിയ ഉടനെ ഡോ.രേണുരാജ് രഹസ്യമായ അന്വേഷണം നടത്തി. ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സില്ല. വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്.
ക്വാറിയില്‍ പരിശോധന നടത്താന്‍ സബ്കലക്ടര്‍ ഡോ. രേണുരാജ് പുലര്‍ച്ചെ ആറു മണിക്കുതന്നെ തൃശൂരില്‍ നിന്നു പുറപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം ആരോടും പറഞ്ഞില്ല. വാഴക്കോട് വരെ പോകാനായിരുന്നു ഡ്രൈവറോടു പറഞ്ഞത്. ക്വാറിയുടെ പരിസരത്ത് എത്തിയപ്പോള്‍ ശരിക്കുമൊന്ന് വീക്ഷിച്ചു. പച്ചയായ നിയമലംഘനം. ക്വാറിയില്‍ പാറ പൊട്ടിക്കുന്നു, ടിപ്പറുകള്‍ നിരന്നു കിടക്കുന്നു. ഉടനെ, വടക്കാഞ്ചേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഓരോരുത്തരെ സ്ഥലത്തേയ്ക്കു വിളിച്ചുവരുത്തി. ‘ഇത്, എന്താണ് ഇവിടെ നടക്കുന്നത്?’ സബ്കലക്ടറുടെ ചോദ്യത്തിനു മുമ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും ഉത്തരമില്ലായിരുന്നു. സബ്കലക്ടര്‍ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്പരുകള്‍ പൊലീസിനു കൈമാറി. ഈ വണ്ടികള്‍ പൊലീസ് പിടികൂടി. ബോംബ് സ്‌ക്വാഡിനേയും ഡോഗ് സ്‌ക്വാഡിനേയും വിളിച്ചുവരുത്തി. സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ചു. വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു. പാറ പൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു.
ഡോ.രേണുരാജ് ഐ.എ.എസിനെ എല്ലാവരും പേടിക്കേണ്ട. പക്ഷേ, നിയമംലംഘിക്കുന്നവര്‍ കരുതിയിരിക്കണം. ചട്ടം ലംഘിക്കുന്നവരെ കുടുക്കാന്‍ ഈ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഏതുസമയത്തും വരാം. സാധാരണക്കാരുടെ പരാതികള്‍ രാഷ്ട്രീയ, ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാന്‍ നോക്കിയാല്‍ ഡോ. രേണുരാജ് വഴങ്ങില്ല. തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശിഗന്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ നീതി നടപ്പാക്കാന്‍ എല്ലാവിധ സ്വാതന്ത്രവും സബ് കലക്ടര്‍ക്കു നല്‍കിയിട്ടുണ്ട്. ഡോ. രേണുരാജ് ഐഎഎസ് നിയമലംഘകരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. ആരു വിചാരിച്ചാലും പൂട്ടാന്‍ കഴിയാതിരുന്ന വാഴക്കോട് പൂട്ടിച്ച ഡോ.രേണുരാജിന് നാട്ടുകാര്‍ നല്‍കുകയാണ് ബിഗ് സല്യൂട്ട്.