തൃശൂരില്‍ സുരേഷ്‌ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി..!!? പ്രഖ്യാപനം വൈകുന്നേരം; ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു

തൃശൂരില്‍ സിരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. ഇപ്പോള്‍ ഗുരുവായൂരിലുള്ള സുരേഷ് ഗോപി വൈകുന്നേരത്തോടെ ഡല്‍ഹിക്ക് തിരിക്കും. ഇന്ന് വൈകുന്നേരത്തോടെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വിവരമുണ്ട്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കതിരെ മത്സരിക്കാന്‍ എത്തിയതോടെയാണ് തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാല്‍ മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.

Top