പ്രധാനമന്ത്രിയെ പ്രശംസിച്ച് ജയറാം രമേശ്; നരേന്ദ്രമോദിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നും പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രിയുടെ ഭരണമാതൃക പൂര്‍ണമായും മോശമല്ല. പ്രധാനമന്ത്രിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ല. അദ്ദേഹത്തിന്‍റെ പ്രവൃത്തികളെ എല്ലായ്‌പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്രമോദി 2014 മുതല്‍ 2019 വരെ എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കണം. വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ 45 ശതമാനം വോട്ടുകളുമാണ് നേടിയത്. ജനങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഭാഷാശൈലിയാണ് മോദിയുടേത്. മോദിയുടെ ഭരണനിര്‍വഹണ രീതി സൃഷ്ടിച്ചിട്ടുള്ള സാമൂഹികബന്ധങ്ങള്‍ വളരെ സവിശേഷതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നു. അതും ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങള്‍. അത് എങ്ങനെയെന്ന് തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്‌പ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്താനോ ചെറുക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ പ്രശംസിക്കാനോ വാഴ്ത്താനോ അല്ല താന്‍ ആവശ്യപ്പെടുന്നത്. ഭരണനിര്‍വഹണത്തില്‍ അദ്ദേഹത്തിനുള്ള സവിശേഷതകള്‍ എല്ലാവരും തിരിച്ചറിയണമെന്നാണ് പറയുന്നതെന്നും ജയറാം രമേശ് വ്യക്തമാക്കി.

നേരത്തെ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തിയിരുന്നു . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്നും ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണമെന്നും വിജയം വികസനത്തിനൊപ്പമാണെന്നും അദ്ദേഹം പരാമര്‍ശിച്ചത് കോണ്‍ഗ്രസിനെ പോലും ചൊടിപ്പിക്കുകയും ചെയ്തു. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി അന്ന് പറഞ്ഞത് വളരെ വലിയ വിവാദത്തിന് വഴി തെളിയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Top