സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ നയമെന്ന് രാജ്‌നാഥ് സിംഗ്

rajnath

ദില്ലി: ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് രാജ്‌നാഥ് സിംഗ് എത്തിയത്. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയ പ്രതിസന്ധികളെ സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുണാചല്‍ പ്രദേശിലെ സര്‍ക്കാരിനെ എന്‍ഡിഎ സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിസന്ധികളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന നയം ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു.

സ്വയം തകരുന്ന കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുകയാണെന്ന് രാജ്നാഥ് സിംഗ് വിമര്‍ശിച്ചു. ദ്വാരമുള്ള ഒരു ബോട്ട് നിങ്ങള്‍ വെള്ളത്തില്‍ ഇറക്കിയാല്‍ അത് സ്വാഭാവികമായും മുങ്ങിപ്പോകും. അതിന് നിങ്ങള്‍ക്ക് വെള്ളത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആരോപിച്ചു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനരവരോധിച്ചതിലൂടെ ബിജെപിക്ക് തക്കതായ മറുപടിയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

Top