ബാഡ്ജുകൾ വിറ്റ് ധനസമാഹരണ നടത്തി കുഞ്ഞ് മോദി; ബിജെപിക്ക് വേണ്ടി അല്ലെന്ന് മാത്രം

കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ എതിരാളിയും വിമർശകനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ രാജ്യത്ത് നിന്നും തൂത്തെറിയാൻ പ്രതിജ്ഞയെടുത്ത നിലയിലാണ് മേദിയുടെ പ്രവർത്തനം. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ തറപറ്റിച്ച മോദി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിഞ്ഞാൽ എന്താണ് തോന്നുക.

അതെ, സത്യമാണത്. മോദി തൻ്റെ ചെറുപ്പകാലത്ത് കോൺഗ്രസിനായി പ്രവത്തിച്ചിട്ടുണ്ട്. ഗുജറാത്തിലെ വട്‌നഗറില്‍ കോൺഗ്രസ് പരിപാടികൾക്കായി ഒരു വോളന്റിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ആറുവയസുള്ളപ്പോൾ മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ ബാല്യസ്വയമേവക് (ബാല സന്നദ്ധപ്രവർത്തകന്‍) ആയിരുന്നെങ്കിലും കോൺഗ്രസ് നേതാവ് രസിക് ഭായ് ദേവ് സംഘടിപ്പിച്ച പരിപാടികളിൽ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

1956 ൽ രസിക് ഭായ് ദേവ് കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ സമീപിച്ചിരുന്നു. രാഷ്ട്രീയ പരിപാടിയിൽ ഒരു ആറു വയസുകാരന് എന്ത് ചെയ്യാനാകുമെന്ന് രസിക് ദേവ് ചോദിച്ചപ്പോള്‍, കോൺഗ്രസിന്റെ ബാഡ്ജുകൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. പരിപാടിയില്‍ പങ്കെടുത്തവർക്കിടയിൽ അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്യുകയും ധനസമാഹരണം നടത്തുകയും ചെയ്തു.

പിന്നീടങ്ങോട്ട് വട്നഗറിൽ നടന്ന കോൺഗ്രസ് പരിപാടികളിൽ മോദി വോളൻ്റിയറായി കുറച്ചുകാലം കൂടി തുടർന്നു. മഹാത്മാഗാന്ധിയുടെയും വിനോഭാ ഭാവെയുടെയും അനുയായിയായ വട്നഗറിൽ നിന്നുള്ള മറ്റൊരു കോൺഗ്രസ് നേതാവ് ദ്വാരകദാസ് ജോഷിയും ഇത് സ്ഥിരീകരിക്കുന്നുണ്ട്.

Top