കേരള കോൺഗ്രസ് എന്നത് കുടുംബ ബിസിനസ് ലോബി:കേരള കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപ്പെടുത്താനാവില്ല; സുധാമേനോന്റെ കുറിപ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുന്നു

തിരുവനന്തപുരം: കേരള കോൺഗ്രസ് എന്നത് വെറും കുടുംബ ബിസിനസ് ലോബിയായി അധപധിച്ചതായി ചൂണ്ടാക്കിയുള്ള സുധാമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കേരള കോൺഗ്രസ് പാർട്ടിക്കെതിരെയാണ് അതിരൂക്ഷമായ ആക്ഷേപങ്ങൾ സഹിതം സുധാമേനോൻ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിനെ ശരിവച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം നടക്കുന്ന ഘട്ടത്തിൽ കേരള കോൺഗ്രസുകൾ നടത്തുന്ന സമ്മർദ തന്ത്രം ഏറെ മാധ്യമ ശ്രദ്ധ നേടിയപ്പോഴാണ് ഇപ്പോൾ സജീവമായുള്ള ചർച്ചയായ വിഷയം തന്നെ സുധ ഫെയ്‌സ്ബുക്ക് പോസ്റ്റാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സമ്മർദ്ദതന്ത്രം സമർത്ഥമായി പയറ്റി സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുന്ന ഫാമിലി ബിസിനസ് ലോബികളായി മാത്രമേ കേരളാ കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപെടുത്താൻ കഴിയൂ. അത് ജോസഫ് ആയാലും ജോസ് മാണി ആയാലും, പിള്ള ആയാലും വേറെ ആരായാലും. അവർ എല്ലായ്‌പ്പോഴും പ്രതിനിധാനം ചെയ്തിരുന്നത് വരേണ്യ-ക്രിസ്ത്യൻ-മുതലാളി- ആശ്രിത രാഷ്ട്രീയമായിരുന്നു. ഭരണസ്വാധീനം, സഭയുടെ താല്പര്യം, കൃത്യമായ ചേരുവകളാൽ നിർമിക്കപ്പെട്ട ഐഡന്റിറ്റി പൊളിറ്റിക്‌സ് തുടങ്ങിയ നിരവധി ഘടകങ്ങൾ നിര്മ്മിച്ചെടുത്ത വിഗ്രഹങ്ങൾ ആണ് ഇവരുടെ ഓരോ നേതാക്കന്മാരും. കേരളാ കോൺഗ്രസിന്റെ എല്ലാ ഗ്രൂപ്പുകൾക്കും ഇരുമുന്നണികളിലും ഉള്ള അനിഷേധ്യമായ സ്വാധീനവും ഇവരുടെ വിഗ്രഹവൽക്കരണത്തിന് കാരണമായി.

മാണിയും, ജോസഫും, പിള്ളയും ഒക്കെ അവരുടെ ഈർക്കിൽ പാർട്ടികളുടെ പിൻബലത്തിൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയെടുത്ത ‘തനതായ സ്‌പേസ് ‘ അവർക്കു ലഭിച്ചത് മുന്നണി രാഷ്ട്രീയത്തിലൂടെയും വിലപേശലിലൂടെയും മാത്രമാണ്.ഇത് സി പി എമ്മിനും കോൺഗ്രസ്സിനും ഒരുപോലെ അറിയാമെങ്കിലും കുറ്റകരമായ അനാസ്ഥയാണ് ഈ രണ്ട് പാർട്ടികളും കാണിക്കുന്നത്. കേരളാ കോൺഗ്രസ്സുകളുടെ ‘പട്ടേലർ-തൊമ്മി’ മോഡൽ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിന് ഒരു കാലത്തും മോചനമില്ലെന്ന സൂചന തന്നെയാണ് നിർഭാഗ്യവശാൽ ഇപ്പൊഴും രണ്ടു മുന്നണികളും തരുന്നത്.

LDF, 13 സീറ്റ് ആണ് ജോസ് മാണിയുടെ പാർട്ടിക്ക് കൊടുക്കുന്നത്. അതും ദീർഘകാലമായി LDF ന്റെ അവിഭാജ്യഘടകമായ കറകളഞ്ഞ ഇടതു പാർട്ടിയായ സിപിഐയെ പോലും വേദനിപ്പിച്ചു കൊണ്ട് ആണ് ഈ പ്രീണനം എന്നോർക്കണം. പെരുമ്പാവൂരൂം പിറവവും കുറ്റ്യാടിയും, ചങ്ങനാശേരിയും ഒക്കെ ജോസ് മാണിക്ക് താലത്തിൽ വെച്ച് ആണ് കൊടുക്കുന്നത്. യുഡിഎഫിൽ ആണെങ്കിൽ ലതികാ സുഭാഷ് പോലെ ഏറ്റവും അർഹയായ, മുതിർന്ന വനിതാനേതാവിന് ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചിട്ട് ആണ് ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത്. എന്തൊരു അനീതിയാണത്!ജോസഫിന്റെ പാർട്ടി തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിൽ ഒക്കെ എന്ത് ഗുണമാണ് ഉണ്ടാക്കിയത് എന്നറിയില്ല. എന്നിട്ട് പന്ത്രണ്ട് സീറ്റിനു വരെ സമ്മർദ്ദം ചെലുത്തുന്നു. ഒറ്റയ്ക്ക് നിന്നപ്പോൾ 15 സീറ്റ് കിട്ടിയ കേരളാ കോൺഗ്രസ്സ് രണ്ടായപ്പോൾ കുറഞ്ഞത് 22- 23 സീറ്റ് ഉറപ്പ്!

സുധ മേനോൻ

പക്ഷെ ഒരു കാര്യം ഉറപ്പാണ്. മിനിമം രാഷ്ട്രീയധാർമികത ഇല്ലാത്ത കൂട്ടരാണ് കേരളാ കോൺഗ്രസ്സ്. അധികാരത്തിന് വേണ്ടി ഏതു മുന്നണിയിലും ചേരും. ചെറിയഭൂരിപക്ഷത്തിനു ആണ് ഏതെങ്കിലും മുന്നണി ജയിക്കുന്നതെങ്കിൽ രണ്ടു കൂട്ടരോടും വില പേശാനും യാതൊരു മനസാക്ഷികുത്തും ഇല്ലാതെ കൂറ് മാറാനും, വീണ്ടും ലയിക്കാനും, ബിജെപി നേട്ടമുണ്ടാക്കിയാൽ അങ്ങോട്ട് പോകാനും ഒക്കെ ഇവർക്ക് എളുപ്പത്തിൽ കഴിയും. അതുകൊണ്ട്, സ്വന്തം പാർട്ടിയിലെ സാധാരണപ്രവർത്തകരുടെ മനസ്സ് വേദനിപ്പിച്ചുകൊണ്ട് മുന്നണി മര്യാദയെന്ന ഓമനപ്പേരിൽ ഈ ‘പട്ടേലർ- തൊമ്മി’പാർട്ടികൾക്ക് ഇരു മുന്നണികളും സീറ്റുകൾ തളികയിൽ വെച്ച് കൊടുക്കുമ്പോൾ ‘ഡെമോക്ലസിന്റെ വാൾ’ ആണ് മുകളിൽ എന്ന് ഇടയ്ക്കു ഓർത്താൽ നല്ലത് .

Top