ഗുജറാത്ത് ഇലക്ഷന്‍: കടുത്ത മത്സരമെന്ന് അഭിപ്രായ സര്‍വ്വേ; കോണ്‍ഗ്‌സ് നേട്ടമുണ്ടാക്കുമെന്നും കണക്ക് കൂട്ടല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവെക്കുമെന്ന് എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ് സര്‍വ്വേ. ശക്തമായ പ്രകടനം കാഴ്ച്ച വെക്കുന്ന കോണ്‍ഗ്രസിന് ആശ്വസമാണ് ഈ അഭിപ്രായ സര്‍വേ. ഇരുപാര്‍ട്ടികള്‍ക്കും 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേഫലം. ഉത്തര-ദക്ഷിണ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് വോട്ട് പങ്കാളിത്തം കുറയാനാണ് സാധ്യതയെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

22 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ എളുപ്പത്തില്‍ ഭരണത്തിലേറാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. അതേസമയം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ജനപിന്തുണ 6 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെയുള്ള 182 സീറ്റില്‍ ബിജെപി.ക്ക് 91-99 സീറ്റ് ലഭിക്കാനിടയുണ്ട്. കോണ്‍ഗ്രസിന് 78-86 സീറ്റുകളിലും വിജയം പ്രവചിക്കുന്നു. വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലുമുള്ള വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ മധ്യ ഗുജറാത്തിലും പട്ടിദാര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള സൗരാഷ്ട്രയിലും ബിജെപി. മുന്‍കൈ നേടും. ഇപ്പോഴത്തെ നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരുപാടെ മെച്ചപ്പെടുമെന്നാണ് സര്‍വേഫലം നല്‍കുന്ന റിസല്‍ട്ട്.

തെക്കന്‍ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് 11 ശതമാനം വോട്ട് അധികം നേടും. 42 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിക്കുക. 40 ശതമാനം വോട്ട് കിട്ടുന്ന ബിജെപി.ക്ക് ഒമ്പത് ശതമാനം വോട്ടിന്റെ കുറവുണ്ടാകും. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന വടക്കന്‍ ഗുജറാത്തില്‍ പാര്‍ട്ടിക്ക് 49 ശതമാനം വോട്ടും ബിജെപി.ക്ക് 45 ശതമാനം വോട്ടും പ്രവചിക്കുന്നു. ഇവിടെ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. മധ്യഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 ശതമാനവും ബിജെപി.ക്ക് 41 ശതമാനവും വോട്ട് ലഭിച്ചേക്കും. ഇവിടെ ബിജെപി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 13 ശതമാനം വോട്ട് നഷ്ടമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് അധികം ലഭിക്കും.

ലോകമെമ്പാടുമുള്ള പട്ടേല്‍മാര്‍ മോദിയുടെ കേന്ദ്രഭരണത്തെ ഒരു ദുരന്തമായായാണ് കാണുന്നത്. ഹാര്‍ദ്ദിക് പട്ടേലിന്റെറാലികളിലുള്ള വന്‍ ജനസഞ്ചയം വോട്ടായി മാറിയാല്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നത് ഉറപ്പാണ്. ഗുജറാത്തിലെ വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിയ്ക്ക് ദോഷമാകും. കൂടാതെ ബിജെപിക്ക് എതിരായ ദളിത് മുന്നേറ്റവും. അതും നിസ്സാരമല്ല. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും ദളിത്- പട്ടേല്‍ ശക്തികളുടെ സമ്മര്‍ദ്ദവും വലിയ വെല്ലുവിളിയായിരിക്കും ബിജെപിക്ക് ഉയര്‍ത്തുക.

ഇത്തവണയും അധികാരം പിടിച്ചേക്കാമെങ്കിലും ബിജെപിക്ക് പഴയ ഭൂരിപക്ഷം അസാദ്ധ്യമാണ് എന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ തവണ മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയുടെ ഭൂരിപക്ഷത്തില്‍ ഉണ്ടാകുന്ന കുറവുകള്‍ പോലും പാര്‍ട്ടിയുടെ പരാജയമായി വിലയിരുത്തപ്പെടും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് എത്തുന്ന ഈ സമയത്തുണ്ടാകുന്ന ഈ വിജയം അദ്ദേഹത്തിന് രാജ്യവ്യാപകമായ ഒരു സ്വീകാര്യതതയും കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാക്കാനും കാരണമാകും.

പാട്ടീദര്‍ റാലികളില്‍ ലഭിച്ച വലിയ ജനപങ്കാളിത്തം വെറുതെയാവില്ലെന്നും ഡിസംബര്‍ 9, 14 തീയതികളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വിശ്വസ്തതയും അധികാരവും ശരിയായ പാര്‍ട്ടിക്ക് വേണ്ടി അവര്‍ പ്രയോഗിക്കുമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളുടെ തെരഞ്ഞെടുപ്പ് കാലത്തെ ഭീകരതയെക്കുറിച്ചും പട്ടേല്‍ പറഞ്ഞു. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനില്‍ ബിജെപി.ക്ക് അനുകൂലമായി ആരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്നും പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

ഹാര്‍ദ്ദികിനെ കൂടാതെ ജഗ്‌നേഷ് മേവാനിക്കും വലിയ പിന്തുണയാണ് ഗുജറാത്തില്‍ ലഭിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തെരുവിലിറങ്ങി ആശയപ്രചരണം നടത്തുകയാണ് ദളിത് നേതാവ്. ബനസ്‌കന്ത ജില്ലയിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജിഗ്നേഷ് മത്സരിക്കുന്നത്. വാദ്ഗാം മണ്ഡലത്തിലെ 15 ഗ്രാമങ്ങളാണ് ഇന്ന് ജിഗ്നേഷ് സന്ദര്‍ശിച്ചത്. പടക്കം പൊട്ടിച്ചും പൂമാലയണിയിച്ചും യുവാക്കളും സ്ത്രീകളും ജിഗ്നേഷിനെ സ്വാഗതം ചെയ്തു. ദളിതരും മുസ്ലീങ്ങളുമായ ആയിരങ്ങളാണ് ജിഗ്നേഷിന് പിന്തുണയറിയിക്കാനെത്തിയത്.

Top