ബിജെപിയില്‍ ആകെ അനിശ്ചിതത്വം അടിപിടി!! പത്തനംതിട്ടയുടെ പേരില്‍ നേതാക്കള്‍ക്ക് അണികളുടെ പൊങ്കാല

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇന്നു പ്രഖ്യാപിക്കും. മനോഹര്‍ പരീക്കറിന്റെ സംസ്‌കാരച്ചടങ്ങും നടന്നതിനാല്‍ ഇന്നലെ ചര്‍ച്ചകളൊന്നും നടന്നില്ല. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയില്‍ പി.എസ്. ശ്രീധരന്‍ പിള്ളയാണു പത്തനംതിട്ടയിലെ ഒന്നാം പേരുകാരന്‍. കെ സുരേന്ദ്രന് സാധ്യതയുണ്ടെന്നും ഒരു വിഭാഗം കരുതുന്നു.

എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നിഷേധിച്ചതില്‍ വന്‍ പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം. ഒരു കാരണവശാലും ശ്രീധരന്‍ പിള്ള മത്സരിക്കരുതെന്നും അണികളുടെ വികാരം മനസ്സിലാക്കി ശബരിമല സമരത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്‍ക്കുകയും അവര്‍ക്കൊപ്പം ജയിലില്‍ പോവുകയും ചെയ്ത കെ സുരേന്ദ്രന് സീറ്റ് നല്‍കണം എന്ന് തന്നെയാണ് പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും ആഗ്രഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര നേതൃത്വത്തിനും താല്‍പ്പര്യം കെ. സുരേന്ദ്രനോടാണ്. ശബരിമല ചര്‍ച്ചാവിഷയമാകുമ്പോഴുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നു പ്രാദേശിക നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. പത്തനംതിട്ട സീറ്റിനായി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തിറങ്ങിയതും അനിശ്ചിതത്വം കൂട്ടി. പത്തനംതിട്ടയല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാനില്ലെന്ന് കണ്ണന്താനം അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും അധികം വിജയസാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍വരെ കല്‍പ്പിച്ച് കൊടുത്ത തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു പിള്ളയ്ക്ക് ആദ്യം കണ്ണ്. ഇവിടെ സ്ഥാനാര്‍ത്ഥിയായി മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട എംഎസ് കുമാര്‍ എന്ന നേതാവിനോട് വിശദീകരണം ചോദിച്ചുള്ള ബിജെപി അധ്യക്ഷന്റെ നടപടി പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി തന്നെ നേരിട്ട് കുമ്മനത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചതോടെയാണ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തത്. ശബരിമല വിഷയം സുവര്‍ണാവസരമായി കണ്ട നേതാവ് പൊടുന്നനെ പ്ലേറ്റ് മാറ്റി.

അണികളുടെ നേതാവിന് സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരെയും തിരഞ്ഞു പിടിച്ച് പ്രതികാര നടപടിയാണ് ശ്രീധരന്‍ പിള്ളയും കൃഷ്ണദാസ് പക്ഷവും ചേര്‍ന്ന് നടത്തുന്നത്. ഏറ്റവും ഒടുവിലായി യുവമോര്‍ച്ച ഐടി സെല്‍ കണ്‍വീനര്‍ അഭിലാഷിനെയും തരം താഴ്ത്തി മീഡിയ സെല്‍ അംഗമാക്കി. നേരത്തെ സുരേന്ദ്രനെ അനുകൂലിച്ച ബിജെപി ഐടി സെല്‍ സ്റ്റേറ്റ് കണ്‍വീനര്‍ ആനന്ദ് എസ് നായരെയും മാറ്റിയിരുന്നു.

സൈബര്‍ ലോകത്ത് സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ബിജെപി നേതൃത്വത്തിന് വിഷയമായത്. ശബരിമല വിഷയത്തില്‍ ഇടപെട്ട് ജയിലില്‍ കിടന്ന സമയത്തും ജയിലില്‍ നിന്നും കോടതികളില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വേളയില്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയും ജനങ്ങള്‍ക്കു മുന്നില്‍ എത്തിച്ച വ്യക്തിയാണ് അഭിലാഷ്. ദക്ഷിണ മേഖല പരിവര്‍ത്തന യാത്രയുടെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് ആയിരുന്നു. കേരളം മുഴുവന്‍ പരിവര്‍ത്തന്‍ യാത്ര നടത്തിയെങ്കിലും സുരേന്ദ്രന്‍ നയിച്ച യാത്രയായിരുന്നു ഏറെ ഹിറ്റായത്. ഈ യാത്രയിലൊക്കെ സുരേന്ദ്രന്റെ ജനകീയ പരിവേഷം പാര്‍ട്ടിക്ക് ഗുണം ചെയ്തു. ഇതോടെയാണ് ജനകീയ നേതാവിനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ അനുകൂലികളെ മാറ്റിയത്.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് അമിത്ഷായുടെ പേജിലും സംഘപരവാറുകാര്‍ ആവശ്യം ഉന്നയിച്ചു. പരീക്കര്‍ക്കുള്ള അനുശോചനത്തിനടിയിലും പത്തനംതിട്ട സീറ്റ് വിഷയമായിരുന്നു ചര്‍ച്ച. ശബരിമല വിഷയത്തിലൂടെ ബിജെപി നേടിയെടുത്ത മേല്‍ക്കൈ എല്ലാം കളഞ്ഞ് കുളിച്ചിരിക്കുകയാണ് ഈ ഗ്രൂപ്പം തര്‍ക്കം. അണികളില്‍വരെ ശക്തമായ നിരാശയും എതിര്‍പ്പം നിലനില്‍ക്കുകയാണ്. പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Top