ശക്തമായ തീരുമാനങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍പ്പിന് കോണ്‍ഗ്രസ്; 2022ന് അധികാരം പിടിക്കാനുള്ള പദ്ധതിയുമായി പ്രിയങ്ക

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ അടിമുടി മാറ്റത്തിന് തുടക്കം കുറിയ്ക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനങ്ങലില്‍ പ്രത്യേക കരുതല്‍ നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തര്‍ പ്രദേശില്‍ പ്രിയങ്കയെ തന്നെയാണ് നിയോഗിക്കുന്നത്. 2022ല്‍ സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കുന്നതിനായി അടുക്കും ചിട്ടയുമായി നീങ്ങാനാണ് തീരുമാനം.

അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും 2022ല്‍ ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാനായാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ 2022ല്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയില്‍ ഒരിക്കല്‍ പ്രിയങ്കാ ഗാന്ധി പ്രവര്‍ത്തകരെ കാണും. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനാകൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധി നടത്തുന്ന സന്ദര്‍ശനങ്ങളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം യു.പി.എ അദ്ധ്യക്ഷയും തന്റെ അമ്മയുമായ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ എത്തിയ പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പ്രവര്‍ത്തനത്തിലെ പോരായ്മയാണെന്ന് വിമര്‍ശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകരെ താന്‍ കണ്ടെത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നിരവധി പ്രവര്‍ത്തകരുടെ അദ്ധ്വാനത്തെ കണ്ടില്ലെന്ന് നടിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രചാരണമാണ് നടത്തിയത്. എന്നാല്‍ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ നിന്ന് ഒരെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയില്‍ പോലും പരാജയം ആയിരുന്നു ഫലം. അതേസമയം, നിലവിലെ നിയമസഭാംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 മണ്ഡലങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ച വയ്ക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

Top