തൃശൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകനായ നിര്‍മ്മല്‍ വധിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബിജെപി പ്രവര്‍ത്തകരും. നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ എതിര്‍പ്പ് മൂലമുള്ള സംഘര്‍ഷം കാരണമല്ലെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളില്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മണ്ണൂത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാവ് കുത്തേറ്റുമരിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപിച്ച് ബിജെപി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു. ഈ ആരോപണമാണ് പൊലീസ് അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടത്.
ഫെബ്രുവരി 12നാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകനായ നെട്ടിശേരി പൊറാടന്‍ നിര്‍മ്മലെന്ന 20കാരന്‍ കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും, ഇരുസംഘങ്ങള്‍ തമ്മില്‍ മുന്‍പേയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാസ്, എലഞ്ഞിക്കുളം അരുണ്‍, കാഞ്ഞാലി സച്ചിന്‍ എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായത്. ഇതില്‍ അരുണ്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പൂര്‍വവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ച് ബിജെപി തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വ്യക്തിപരമായ വിഷയത്തിലുണ്ടായ സംഘര്‍ഷത്തില്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതിന് എന്തിന് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന ചോദ്യം നവമാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ മുന്‍പ് തന്നെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ കൊലയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
വിഷയത്തില്‍ പങ്കില്ലെന്ന് മുന്‍പ് തന്നെ സിപിഐഎം വ്യക്തമാക്കിയിരുന്നു. ഇതോടെ ബിജെപിക്കെതിരായ പ്രചരണം ശക്തമാക്കാനാണ് സിപിഐഎം തയ്യാറെടുക്കുന്നത്. അനാവശ്യമായി ഹര്‍ത്താല്‍ നടത്തിയ ബിജെപിക്കെതിരെ പൊതുസമൂഹത്തിന്റെ വികാരമുയര്‍ത്താനാണ് സിപിഐഎം ഒരുങ്ങുന്നത്. എന്തായാലും അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വാക്കുകൊണ്ട് പോരടിക്കുന്ന ബിജെപിക്ക് ഒരു തിരിച്ചടിയാകും ഈ സംഭവമെന്ന് ഉറപ്പ്. വരുംദിവസങ്ങളിലും സംഭവം ജില്ലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പ്.