സോഷ്യല്‍മീഡിയയില്‍ ചലഞ്ചുകള്‍ മാറി മാറി വരാറുണ്ട്. അവയില്‍ പലതും വളരെ അപകടം വിളിച്ചുവരുത്തുന്നതുമാണ്. ഇത് അറിയാമെങ്കിലും റിസ്‌ക് എടുത്ത് അത് ചെയ്യുന്നവരാണ് കൂടുതലും. ഇപ്പോഴിതാ പുതിയൊരു ചാലഞ്ച്. വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിലാണു ഏറ്റവും പുതിയ ചാലഞ്ച്. നില്ല് നില്ല് എന്റെ നീലക്കുയിലേ എന്ന പാട്ടിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഓടിവരുന്ന വാഹനങ്ങളുടെ മുന്നിലേക്കു ചാടിവീണു നില്ല് നില്ല് എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണു യുവതലമുറ. തലയില്‍ ഹെല്‍മെറ്റണിഞ്ഞും കൈയില്‍ പച്ചിലകളും മറ്റുമേന്തി ഏതാനും നിമിഷം മാത്രം നീണ്ടു നില്‍ക്കുന്ന പ്രകടനം. ഇത്തരം വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുന്നിലേക്കും ഇരുചക്രവാഹനങ്ങള്‍ക്കു മുന്നിലേക്കും എന്തിനു പൊലീസ് ജീപ്പിനു മുന്നിലേക്കു വരെ ചാടിവീണു ചുവടു വയ്ക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ആദ്യമൊക്കെ ചിരി പടര്‍ത്തുമെങ്കിലും, ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടം പലരും തിരിച്ചറിയുന്നില്ല എന്നതാണു സത്യം. ജാസി ഗിഫ്റ്റിന്റെ പ്രശസ്തമായ ഈ പാട്ട് അപകടകരമായ രീതിയില്‍ പുനരാവിഷ്‌കരിക്കുന്നതിനെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പെരുകുന്നുണ്ട്.