ചെന്നൈ: രാജ്യത്തെ തെരെഞ്ഞെടുപ്പ് ചട്ടത്തിൽ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി പ്രശസ്തനായ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി എൻ ശേഷനും ഭാര്യയും വൃദ്ധ സദനത്തിൽ. പാലക്കാട് സ്വദേശിയായ തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലെ ഗുരുകുലം വൃദ്ധ സദനത്തിൽ കഴിയുന്നത്. ചെന്നൈ നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും ഇവർ വൃദ്ധ സദനത്തിലെത്തിയത് ഇവരെ പരിചരിക്കാൻ ആരുമില്ലാത്തതുകൊണ്ടെന്നാണ് വിവരം. മക്കളില്ലാത്ത ഇവർക്ക് വാർധക്യ കല അസുഖങ്ങൾ തുടങ്ങിയതിനാലാണ് ഇവർ പേയിങ് ഗെസ്റ്റായി വൃദ്ധ സദനത്തിലെത്താൻ തീരുമാനിച്ചത്. ദമ്പതികളുടെ വരവ് മറ്റ് അന്തേവാസികൾക്ക് ആശ്വാസവും അനുഗ്രഹവുമാണുണ്ടാക്കിയത്. തന്റെ ജീവിത കഥയും പുരാണ കഥകളും പറഞ്ഞ് ശേഷൻ മറ്റ് അന്തേവാസി കളുടെയും ഇഷ്ട താരമായി മാറി. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 1990 -1996ലാണ് രാജ്യത്തെ പത്താമത് ചീഫ് ഇലക്ഷന് കമ്മീഷണറായി ടി എൻ ശേഷൻ നിയമിതനായത്.കമ്മീഷണറായതോടെ ഭരണഘടനയിൽ ഈ ഉദ്യോഗസ്ഥനുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്ന് ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടിന്റെ ചുമരുകളിൽ തെരെഞ്ഞെടുപ്പ് പരസ്യം തടഞ്ഞു. ലൗഡ് സ്പീക്കർ നിരോധിച്ചതും തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമയവും ചെലവും നിശ്ചയിച്ചതും സ്ഥാനാർത്ഥികൾ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തണമെന്നതടക്കമുള്ള പരിഷ്കരണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മൂക്ക് കയറിട്ട കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ. അദ്ദേഹം ഏകാധിപതിയെപോലെ പ്രവർത്തിക്കുകയാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറെ നിയന്ത്രിക്കാൻ രണ്ടു കമ്മീഷണർമാരെക്കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
മുൻ ഇലക്ഷൻ കമ്മീഷണർ ടി.എൻ ശേഷനും ഭാര്യയും വൃദ്ധ സദനത്തിൽ…
Tags: old age home