കൊറോണ രോഗബാധ; പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ പ്രത്യേകം സൂക്ഷിക്കണം.

നിലവിൽ 149ഓളം രാജ്യങ്ങളിലാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അവസാനം ലഭിച്ച കണക്കനുസരിച്ച് 5,602ആളുകളാണ് രോഗത്തിന്റെ സാഹചര്യത്തിൽ മരണമടഞ്ഞത്. ഇന്ത്യയിലാകട്ടെ രോഗം മൂലം ഇതിനോടകം മരണമടഞ്ഞത് രണ്ടു പേരാണ്. കർണാടകയിലെ കാലാബുർഗിയിൽ നിന്നുമുള്ള 76 വയസുകാരനും ഡൽഹിയിലെ ജനക്പുരിയിൽ നിന്നും വരുന്ന 68 വയസുകാരിയുമാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇത് താരതമ്യേന ചെറിയ സംഖ്യ ആണെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധ നൽകേണ്ട ചില വസ്തുതകളുണ്ട്.

ഇവർക്ക് കൊറോണ രോഗബാധ കൂടാതെ രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു എന്നതും ഇവർക്ക് ഇരുവർക്കും പ്രായക്കൂടുതൽ ഉണ്ടായിരുന്നു എന്നതുമാണ് അവ. ലോകത്തിൽ ഏറ്റവുമധികം രോഗബാധ കണ്ടെത്തിയതും അതുമൂലം മരണമടഞ്ഞതും പ്രായമായവരാണെന്നും ലോകമാകമാനമുള്ള ഗവേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതോടൊപ്പം തന്നെ രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവർ പ്രത്യേകം, ആരോഗ്യ കാര്യത്തിലും രോഗ പ്രതിരോധത്തിലും ശ്രദ്ധ നൽകേണ്ടതാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.കൊറോണ രോഗത്തിന്റെ ഉറവിടമായ ചൈനയിൽ രോഗം മൂലം മരണപ്പെട്ടവരിൽ 19 ശതമാനവും പ്രായമേറിയവരാണെന്ന വസ്തുത നിലനിൽക്കെയാണ് ഗവേഷകർ ഇക്കാര്യം ഓർമപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാർഗങ്ങൾ പിന്തുടരുമ്പോൾ ഈ ജീവിശൈലീ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ ഉപദേശിക്കുന്നു. അമേരിക്കയാണ് കോവിഡ് 19 രോഗബാധിതരിലും രോഗത്തെ പറ്റിയും ഏറ്റവും കൂടുതൽ പഠനങ്ങൾ നടത്തിയത്.

Top