സംസ്ഥാനത്ത് 1116 പേർ കൊറോണ നിരീക്ഷണത്തിൽ; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.രാജ്യത്ത് ആകെ 52 കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങൾ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി ബന്ധപ്പെട്ടവർ 270 പേരാണ്. അവരിൽ അടുത്ത് ഇടപഴിയത് 95 പേരാണ്. ഇന്ന് പത്തനംതിട്ടയിൽ രോഗലക്ഷണങ്ങളോടെ എത്തിയവർ ആറ് പേരാണ്. അവരെ വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞുകൊറോണ പരിശോധനയ്ക്ക് തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതായും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് 19) പരിശോധനയ്ക്കു സ‍ജ്ജമായി ഉള്ളത് കേരളത്തിലെ മൂന്ന് എണ്ണം ഉൾപ്പെടെ 52 ലാബുകൾ. ഏറ്റവും കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ഉള്ളത് കർണാടകയിലാണ്, അഞ്ച് എണ്ണം. തിരുവനന്തപുരം മെ‍ഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് എന്നിവയാണ് കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ, രാജ്യത്ത് കോവിഡ്–19 നിർണയത്തിനു സാംപിൾ ശേഖരിക്കാൻ സഹായിക്കുന്ന 57 ലബോറട്ടറികള്‍ ഉണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. കേരളത്തിൽ തൃശൂരിലെ മെഡിക്കൽ കോളജ് ആണ് സാംപിൾ ശേഖരണത്തിനു സഹായിക്കുന്നത്. ഇന്ത്യയിൽ തിങ്കളാഴ്ച വരെ 5066 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 43 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആറ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ജേക്കബ് വടക്കാഞ്ചേരി അടക്കം 3 പേർക്കെതിരെ കേസ്

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top