അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി.സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.സംസ്ഥാനത്ത് ആകെ 94 കൊറോണ രോഗബാധിതർ

കൊച്ചി:തിങ്കളാഴ്ച രാത്രി മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗത്തിന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 94 ആയി .അതേസമയം സംസ്ഥാനത്ത് അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാദ്ധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡി.ജി.പി പറഞ്ഞു.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാസുകള്‍ ജില്ലാ പൊലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും- ഡി.ജി.പി അറിയിച്ചു.കൊറോണ നിർദേശം ലംഘിക്കുന്നവർക്കെതിരെ തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാനം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സമ്പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്.

ആയഞ്ചേരി എസ് മുക്ക്, പൂനൂർ സ്വദേശികൾക്കാണ് കോഴിക്കോട് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും ദുബൈയിൽ നിന്നാണ് എത്തിയത്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇവരെകൂടാതെ മാർച്ച്‌ 19ന് ദുബൈയിൽ നിന്ന് കരിപ്പൂരെത്തിയ കാസർകോട് സ്വദേശിയും മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. (ഇയാളെയും ചേർത്താണ് 94. എന്നാൽ ഇയാൾ കാസർഗോഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും ചേർത്ത് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്നു കോവിഡ് ബാധിതരുടെയും റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാ ഭരണ കൂടം പ്രസിദ്ധീകരിച്ചു. വിശദമായ സമ്പര്‍ക്ക പട്ടിക ഉടൻ പുറത്തിറക്കും.

കോവിഡ് 19 സ്ഥിരീകരിച്ച ആയഞ്ചേരി സ്വദേശി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ രാവിലെ 10.15ന് കരിപ്പൂരെത്തി.11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ കഴിയുകയായിരുന്നു. അന്ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു. പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Top