തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കാരിന് കത്തയച്ചു.ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ്. വരുമാനത്തെക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ വരുമാനത്തിന്റെ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചിരിക്കുന്നതില്‍ വളരെയേറെ ദുരൂഹതയുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.
സൂരജിനെതിരായ കേസ് ശക്തമാണെന്നും പ്രോസിക്യൂട്ട് ചെയ്താല്‍ നിലനില്‍ക്കുന്നതാണെന്നുമുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയത്. 2004 മുതല്‍ 2014 വരെയുള്ള സൂരജിന്റെ സമ്പാദ്യം സംശയാസ്പദമാണെന്ന് വിജിലന്‍സ് പറയുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വരുമാനം കൊണ്ടുമാത്രം ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇത്ര തുക സമ്പാദിക്കാനാകില്ല. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ സ്വത്തുക്കള്‍ വാങ്ങി. ആഡംബര ഫ്ലറ്റുകളും കാറുകളും ബിനാമി പേരില്‍ വാങ്ങിയത് അഴിമതി പണം കൊണ്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.
പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയതല്ലാതെ ഒന്നും വില്‍പ്പന നടത്തിയിട്ടില്ല. അനധികൃത വരുമാനമാണെന്ന് വ്യക്തമാക്കുന്ന തെളിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് ടി.ഒ.സൂരജിന്റെ വീട്ടിലും ഫ്ലറ്റുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതിനുശേഷം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സൂരജ് ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച ആഭ്യന്തരമന്ത്രിക്ക് കൈമാറും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും.