ബാര്‍ കോഴക്കേസ് മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളത്, മാണിയുടെ രാജി മാതൃകാപരവും ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളതെന്നും വിധിപ്പകര്‍പ്പ് താന്‍ വായിച്ചതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി കെ.എം മാണിയുടെ രാജി മാതൃകാപരവും ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു. മന്ത്രി കെ.എം.മാണിയുടെയും ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടന്റെയും രാജി സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ബാര്‍ കോഴക്കേസിന്റെ തുടക്കം മുതലേ മാണി സാര്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് അന്നും മുതല്‍ പിന്തുണ നല്‍കിയിരുന്നു. ഇത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി അദ്ദേഹത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതല്ലാതെ ഒരു കുറ്റവും അദ്ദേഹത്തില്‍ ആരോപിച്ചിട്ടില്ല. കെ.എം മാണിയോട് ഒരവസരത്തിലും യു.ഡി.എഫ് രാജി ആവശ്യപ്പെട്ടിട്ടില്ല. മാണിയോട് രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് യു.ഡി.എഫിന് നിര്‍ദ്ദേശം നല്‍കിയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരന്നു. അതെല്ലാം വസ്തുതാ വിരുദ്ധമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച യുഡിഎഫ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് ചെയ്തത്. വൈകുന്നേരം വീണ്ടും ചര്‍ച്ച നടത്തുന്ന അവസരത്തിലാണ് മാണി സാറും തോമസ്സ് ഉണ്ണ്യാടനും വിളിച്ച് രാജി സന്നദ്ധത അറിയിച്ചത്. രാജി വെച്ചതിന് ശേഷം രാജി കത്ത് കൊടുത്തയക്കുന്നുവെന്നും അത് സ്വീകരിക്കണമെന്നും തന്നെ വളിച്ച് പറയുകയുമുണ്ടായി. ഇതെല്ലാം കെ.എം മാണിയുടെ തന്നെ സ്വന്തം തീരുമാനപ്രകാരമാണ്. യു.ഡി.എഫ് അദ്ദേഹത്തിന്റെ രാജിക്ക് ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1975 മുതല്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. അതേനിലയില്‍ തന്നെ ആ ബന്ധം തുടരും. കെ.എം മാണി യു.ഡി.എഫിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ആരെങ്കിലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് യോഗത്തില്‍ നടന്ന കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചില കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ രാജി ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് പറയേണ്ടിയിരുന്നത് യു.ഡി.എഫിനുള്ളിലായിരുന്നുവെന്നും പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top