ഒടുവില്‍ ഉണ്ണിയാടനൊപ്പം രാജി !കെ.എം മാണി പുറത്തേക്ക്.കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നം.

തിരുവനന്തപുരം: ഒടുവില്‍ മാണി നാണം കെട്ട് രാജിവെച്ചു .കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നമായിരിക്കുന്നു. സമ്മര്‍ദങ്ങളെ ചെറുത്തുനിന്ന നീണ്ട പകലിനൊടുവില്‍ കെ.എം. മാണി മന്ത്രിസ്ഥാനം വച്ചൊഴിഞ്ഞു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും മാണി തനിക്കൊപ്പം രാജിവയ്പ്പിച്ചു. കേരളകോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ മന്ത്രിയായ പി.ജെ. ജോസഫിനെയും തനിക്കൊപ്പം രാജിവയ്പ്പിച്ച് മുഖം രക്ഷിക്കാനുള്ള മാണിയുടെ ശ്രമം പാളി. ജോസഫ് ഗ്രൂപ്പ് അവസാന നിമിഷം കൈവിട്ടതിന്‍റെ രോഷത്തില്‍ മാണിഗ്രൂപ്പ്. കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നം. തന്‍റെ രാജിക്ക് സമ്മര്‍ദമുണ്ടായി എന്ന് പി.ജെ. ജോസഫ് പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. വൈകുന്നേരം എട്ട് മണിയോടെയാണ് മാണി രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് പ്രത്യേക ദൂതന്‍ മുഖേന മുഖ്യമന്ത്രിക്ക് കൈമാറി. നിയമവ്യവസ്ഥയോടുള്ള ആദരസൂചകമായാണ് രാജിയെന്ന് മാണി പറഞ്ഞു. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവച്ചു. പി.സി ജോര്‍ജ് പുറത്തായ ഒഴിവില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പായത്. ഇരിങ്ങാലക്കുട എം.എല്‍.എയാണ്. മാണിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. ഇപ്പോഴും മാണി രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.BAR BRIBE -DIHതലസ്ഥാനത്ത് ഇന്ന് രാവിലെ തുടങ്ങിയ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് മാണി രാജി സന്നദ്ധത അറിയിച്ചത്. മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വൈകുന്നേരം മൂന്ന് മണിയോടെ മാണി രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ പി.ജെ ജോസഫ് കൂടി രാജിവയ്ക്കണമെന്ന മാണിയുടെ സമ്മര്‍ദ്ദതെ തുടര്‍ന്നാണ് പ്രഖ്യാപനം പിന്നെയും മണിക്കൂറുകള്‍ വൈകിയത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ ജോസഫ് അടക്കം ക്യാബിനറ്റ് പദവിയുള്ള മുന്നു പേരും രാജിവയ്ക്കണമെന്നായിരുന്നു മാണിയുടെ നിലപാട്.എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ജോസഫ് വിഭാഗം ശക്തമായി എതിര്‍ത്തു. ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മാണിക്ക് തനിച്ച് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത്. എന്ത് സമ്മര്‍ദ്ദമുണ്ടായാലും രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രിയുടെ ദൂതനായി പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി കെ.സി ജോസഫും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതു ജോസഫ് ക്യാന്പിന് കൂടുതല്‍ കരുത്തുപകര്‍ന്നു.
പകല്‍ അഞ്ച് മണിക്കൂറിലധികം നീണ്ട സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം പി.ജെ ജോസഫും കെ.എം മാണിയും പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫിന്റെ രാജി മാണി ആവശ്യപ്പെട്ടത്. രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ജോസഫിന്, മാണി ഒരു മണിക്കൂര്‍ സമയം അനുവദിച്ചു. തുടര്‍ന്ന് പി.ജെ ജോസഫ് തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി തന്റെ ഒപ്പം നില്‍ക്കുന്ന എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ജോസഫ് രാജിവയ്‌ക്കേണ്ടതില്ലെന്ന് ജോസഫ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് ജോസഫ് ക്യാമ്പിന്റെ നിലപാട് ആന്റണി രാജു, മാണിയെ അറിയിച്ചു. രാജി വിഷയത്തില്‍ രണ്ട് തട്ടിലായ മാണി-ജോസഫ് വിഭാഗങ്ങള്‍ വരും ദിവസങ്ങളില്‍ പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യു.ഡി.എഫില്‍ മാണിയുടെ രാജിക്കായി കേരള കോണ്‍ഗ്രസ് ഒഴികെയുള്ള ഘടകകക്ഷികള്‍ നിലപാട് കടുപ്പിച്ചതും മാണിയെ സമ്മര്‍ദ്ദത്തിലാക്കി. രാജിയല്ലാതെ മറ്റ് പോംവഴികള്‍ ഇല്ലെന്ന് യു.ഡി.എഫ് നേതൃത്വം രാവിലെ തന്നെ മാണിയെ അറിയിച്ചിരുന്നു. മുസ്ലീംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്) ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളും മാണി രാജി വയ്ക്കണമെന്ന് നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് ഘടകകക്ഷി നേതാക്കള്‍ മാണിക്കെതിരെ നിലപാട് അറിയിച്ചത്. നേരത്തെ മാണിയെ പിന്തുണച്ച ലീഗ് കൂടി നിലപാട് മാറ്റിയതോടെ മുന്നണിയില്‍ അദ്ദേഹം ഒറ്റപ്പെട്ടു.
പി.ജെ. ജോസഫിനെയും തോമസ് ഉണ്ണിയാടനെയും രാജിവയ്പ്പിച്ച് പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മാണി ഗ്രൂപ്പ് ആലോചിച്ചിരുന്നു. എന്നാല്‍ ജോസഫ് ഗ്രൂപ്പ് ഇതിന് വഴങ്ങിയില്ല. രാജിക്കില്ലെന്ന് ജോസഫ് വ്യക്തമാക്കിയതോടെ മാണി ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. തന്റെ ഒപ്പം നില്‍ക്കുന്ന അഞ്ച് എം.എല്‍.എമാരെ കൂടി രാജിവെപ്പിച്ച് സര്‍ക്കാരിനെ താഴെ ഇറക്കുമെന്നായിരുന്നു മാണി ഗ്രൂപ്പിന്റെ അടുത്ത ഭീഷണി. എന്നാല്‍ ഭീഷണിക്ക് വഴങ്ങേണ്ടന്ന് കോണ്‍ഗ്രസും മറ്റ് ഘടകകഷികളും വ്യക്തമാക്കിയതോടെ മാണിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞു. സര്‍ക്കാര്‍ വീണാലും രാജി അനിവാര്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോട് അനുബന്ധിച്ച് പൂട്ടിയ ബറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹത്തിന്റെ രാജിയില്‍ കശാലിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന് ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. പിന്നീട് രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ആരോപണം യു.ഡി.എഫിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമാണ് വരുത്തിവച്ചത്. ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധങ്ങളും മുന്‍പ് കണ്ടിട്ടില്ലാത്ത വിധമുള്ള രംഗങ്ങള്‍ക്കിടയാക്കി.

Top