ശബരിമലയില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിക്കുന്നുവോ? ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ബിജെപിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍. നേരത്തേ പ്രതിഷേധത്തില്‍ ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു.

വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് എത്തിയതോടെ കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തില്‍ ഒന്നിക്കുന്നുവെന്ന വാദങ്ങള്‍ ശക്തിപ്പെടുകയാണ്.

Top