50 ലക്ഷം വില വരുന്ന കാറുമെടുത്ത് 60 രൂപയുടെ ടോള്‍ വെട്ടിക്കാന്‍ യുവാവ് നടത്തിയ ഭഗീരഥ പ്രയത്‌നങ്ങള്‍  

മുംബൈ: വ്യാജ വിവിഐപി പാസ്സ് ഉപയോഗിച്ച് ടോള്‍ വെട്ടിക്കാന്‍ നോക്കിയ യുവാവ് അറസ്റ്റിലായി. മുംബൈയിലെ ബാന്ദ്ര-വോര്‍ളി സീ ലിങ്കിലാണ് സംഭവം. കറുത്ത മെര്‍സിഡസ് ബെന്‍സ് എസ്‌യുവി കാറില്‍ വന്ന ഒരു ചെറുപ്പക്കാരനാണ് 60 രൂപയുടെ ടോള്‍ വെട്ടിക്കാന്‍ വ്യാജ വിവിഐപി പാസ്സ് ഉണ്ടാക്കിയത്. ലെഹ്രി കാന്ത് സുന്ദര്‍ജി എന്ന യുവാവാണ് വ്യാജ പാസ്സ് ഉപയോഗിച്ചതിന് ബാന്ദ്ര പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം 8 മണിക്കും 8.20 നും ഇടയിലാണ് സംഭവം. മുംബൈ എന്‍ട്രി പോയിന്റിന്റെ വ്യാജ ലോഗോ വെച്ച കത്താണ് ടോള്‍ ജീവനക്കാര്‍ക്ക് മുന്നില്‍ ഇയാളുടെ ഡ്രൈവര്‍ കാണിച്ചത്. ഈ കത്തുമായി വരുന്ന വ്യക്തി ഒരു വിവിഐപിയാണെന്നും ഇദ്ദേഹത്തെ 2018 ഡിസംബര്‍ വരെ പൂനെ- നാസിക് റൂട്ടില്‍ ടോള്‍ കൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. മുംബൈ എന്‍ട്രി പോയിന്റ് വൈസ് ചെയര്‍മാന്റെയും മാനേജിംഗ് ഡയറക്ടറുടെയും വ്യാജ ഒപ്പുകളും കത്തിലുണ്ടായിരുന്നു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ ഓഫീസില്‍ വിളിച്ച് വിവരം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവിന്റെ കള്ളി വെളിച്ചത്തായത്. എതാണ്ട് 50 ലക്ഷത്തില്‍ കൂടുതല്‍ വില വരുന്ന കാറിലാണ് യുവാവ് 60 രൂപയുടെ ടോള്‍ വെട്ടിക്കാന്‍ ഇത്ര ഭഗീരഥ പ്രയത്‌നങ്ങള്‍ നടത്തിയത്.

Top