
മുംബൈ: ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് യുവാവ് മരിച്ചു. സോഫ്റ്റവെയർ കമ്പനിയായ ഐബിഎമിലെ ജീവനക്കാരനായ സുധർശൻ ചൗധരി(36) ആണ് മരിച്ചത്.
മുംബൈ ദാദർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഫോണിൽ സംസാരിച്ച് കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് സുധർശൻ താഴെ വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. അടിയിൽ കുടുങ്ങിയ സുധർശനെയും കൊണ്ട് ട്രെയിന്‍ ദീർഘദൂരം ഒാടി. ശേഷം അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയതിനെ തുടര്‍ന്ന് സുധർശനെ തൊട്ടടുത്ത സിയോൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുധർശൻ സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായ പോകുന്ന ട്രെയിൽവച്ചാണ് അപകടം ഉണ്ടായത്. അപകട ദിവസവും സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനാണ് സുധർശൻ ട്രെയിനിൽ ചാടി കയറിയത്. കഴിഞ്ഞ ദിവസം ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ പിടിവിട്ട് ഒരു പെൺകുട്ടി ട്രാക്കിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അപകടത്തിൽ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ ഘോട്‌കോപര്‍ സ്റ്റേഷനും വിക്രോളി സ്‌റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം.