ട്രെയിന്‍ ഓട്ടത്തിനിടെ ലോക്കോ പൈലറ്റിനു ബോധക്ഷയം; വന്‍ ദുരന്തം ഒഴിവായി

പശ്ചിമ ബംഗാളില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ലോക്കോ പൈലറ്റ് ബോധം കെട്ട് താഴെ വീഴുകയായിരുന്നു. പശ്ചിമ ബംഗാളിലെ ദയിന്‍ഹാട്ടിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഹൗറയില്‍ നിന്നും കാത്വയിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോധം കെട്ട് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ലോക്കോപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ലോക്കോപൈലറ്റ് എത്തിയതോടെയാണ് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്. കൊല്‍ക്കത്തയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ദയിന്‍ഹാട്ട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രാക്ക് മാറാന്‍ ട്രെയിനിന്റെ വേഗത കുറച്ചപ്പോഴാണ് ലോക്കോ പൈലറ്റായ ഹല്‍ദാര്‍ ബോധം കെട്ടു വീണത്. ബോധം കെട്ട് താഴെ വീണ ലോക്കോ പൈലറ്റിന്റെ തലയ്ക്കു സാരമായി പരിക്കു പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴഞ്ഞു വീഴുന്നതിന് തൊട്ടുമുമ്പ് ഹല്‍ദാര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. നിയന്ത്രിക്കാന്‍ ആളില്ലാത്തപ്പോള്‍ ട്രെയിന്‍ തനിയെ നിര്‍ത്താനാണ് ഈ സ്വിച്ച് ഉപയോഗിക്കുന്നത്. ഹല്‍ദാര്‍ സ്വിച്ച് അമര്‍ത്തിയതോടെ ട്രെയിന്‍ നില്‍ക്കുകയും ചെയ്തു. തനിക്കു പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടര്‍ന്നു കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഹല്‍ദാര്‍ പറഞ്ഞു.

Top