ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കുത്തിക്കൊന്നു.രണ്ടുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കൂടെ യാത്ര ചെയ്തവര്‍ കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവം. ഹരിയാന സ്വദേശി ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ജുനൈദിന്റെ കയ്യില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മറ്റു യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.

വാക്കേറ്റത്തിനൊടുവില്‍ ജുനൈദിനെ യാത്രക്കാരിലൊരാള്‍ കുത്തി. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. തങ്ങള്‍ ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ ചില യാത്രക്കാര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും ചെറുത്തപ്പോള്‍ പ്രശ്‌നം രൂക്ഷമാകുകയായിരുന്നുവെന്നും പരിക്കേറ്റ ഷാക്കീര്‍ പറഞ്ഞു.രണ്ട് യാത്രക്കാര്‍ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഗാസിയാബാദ്-ഡല്‍ഹി-മഥുര ട്രെയിനിലാണ് ഇവര്‍ കയറിയത്. ഓഖ്‌ല സ്‌റ്റേഷനില്‍ വെച്ച് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്‍ താമസിച്ചു. എന്നാല്‍ സര്‍ക്കാറും റെയില്‍വെയും ഇക്കാര്യം നിഷേധിച്ചു. ബീഫ് സംബന്ധിച്ച തര്‍ക്കമല്ല, സീറ്റ് തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് റെയില്‍വേ പറഞ്ഞു.കഴിഞ്ഞയാഴ്ച്ച ജാര്‍ഖണ്ഡില്‍ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top