
പൊലീസ് അനുമതി ലഭിച്ചതോടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.