ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ ഇനി ശ്രദ്ധിച്ച് മാത്രമേ തങ്ങളുടെ ബാഗേജുകള്‍ കൊണ്ടു പോകാവൂ. യാത്രക്കാരുടെ സാധനങ്ങള്‍ കൊണ്ട് പോകുന്നതിന് ദുബായ് വിമാനത്താവളം അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ വച്ചു. അമിത വലിപ്പം ഉള്ള പെട്ടികള്‍, സ്റ്റാന്റേഡ് സൈസില്‍ അല്ലാത്ത കാര്‍ട്ടൂണ്‍ പെട്ടികള്‍, ബോക്‌സുകള്‍, ദുര്‍ബലമായ കെട്ടുകള്‍, അരികും മൂലയും ഒടിഞ്ഞു തൂങ്ങിയ ബോക്‌സുകള്‍ ഒന്നും ഇനി വിമാനത്താവളം വഴി കടത്തിവിടില്ല. ദുബായിവഴി വരുന്നതും ദുബായിയില്‍ നിന്നും കയറുന്നതുമായ എല്ലാ യാത്രക്കാര്‍ക്കും ഈ നിര്‍ദ്ദേശ്ശങ്ങള്‍ ബാധകമാണ്.
ഈ മാസം എട്ടു മുതല്‍ കര്‍ശനമായി നടപ്പാക്കുന്ന നിയമങ്ങള്‍ പ്രകാരം എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ അനുവദനീയമല്ല.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബായ് വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം സൃഷ്ടിക്കാറുണ്ട്.
ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ബാഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.
75 ഫുട്ബാള്‍ മൈതാനങ്ങളുടെ വിസ്തൃതിയോടെ 140 കിലോമീറ്ററിലായി പരന്നു കിടക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സിസ്റ്റം. 15000 ട്രേകളുള്ള ഈ സിസ്റ്റം 21000 മോട്ടറുകളാലാണ് പ്രവര്‍ത്തിക്കുന്നത്. ബാഗേജുകളുടെ എയര്‍ലൈന്‍ സ്റ്റാന്റേഡ് തൂക്കം 30 കിലോയാണ്. 30 കിലോയില്‍ കൂടുതല്‍ ഒരു പെട്ടിയിലോ ബോക്‌സിലോ പാക്ക് ചെയ്താല്‍ അത് കര്‍ശനമായും തടയും. ബാഗേജുകള്‍ വിമാനത്തിലേക്ക് വേണ്ടിവന്നാല്‍ ബെല്റ്റില്‍ നിന്നും കൈകാര്യം ചെയ്യാന്‍ ജോലിക്കാര്‍ അധികഭാരം ബുദ്ധിമുട്ട് ഉണ്ടാക്കും.