
വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ വയൽ നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത. കൽപറ്റയ്ക്ക് സമീപത്തുവച്ചാണ് കവിത ബസിൽ പ്രസവിച്ചത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കുറച്ചു നാളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മാസത്തിന് ശേഷമെ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോടും പറയാതെ ആശുപത്രിയില്‍ നിന്ന് പോരുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വഴിക്ക് വെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട കവിത കൽപറ്റ കെഎസ്ആർടിസി ഗാരേജിനു സമീപത്തെത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. തുടർന്ന് ബസിൽ തന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമ്മയും ആൺകുഞ്ഞും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുഞ്ഞിന് തൂക്കക്കുറവുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കലക്ടർ എസ്. സുഹാസ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടർ പറഞ്ഞു.