കോഴിക്കോട്: ആദിവാസികള്‍ക്ക് നേരെ വീണ്ടും ക്രൂരത. മതിയായ ചികിത്സ നല്‍കാതെ ആദിവാസി യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് പരാതി. മരണപ്പെട്ട യുവാവിന്റെ മൃതദേഹത്തോടുപോലും ക്രൂരത കാണിച്ചു. തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാതെ ആറ് മണിക്കൂറോളം വാര്‍ഡിലെ കട്ടിലില്‍ തന്നെ മൃതദേഹം കിടത്തി. തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ കാണിച്ച അലംഭാവത്തില്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡിലാണ് സംഭവം. കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു (46) മരിച്ചത് പുലര്‍ച്ചെ അഞ്ചരയോടെ. ജഡം മാറ്റാന്‍ ആറു മണിക്കൂര്‍ വേണ്ടിവന്നു. ഈ സമയമത്രയും ഭാര്യ സീമ രണ്ടര വയസുള്ള മകന്‍ രാംദേവിനെയും ഒക്കത്തിരുത്തി പരസഹായത്തിനായി വിതുമ്പിക്കരയുകയായിരുന്നു.വിവരമറിഞ്ഞ് പൊതുപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ജഡം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പിന്നീട് ജനറല്‍ ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ നാട്ടിലേക്കെത്തിച്ചു.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് രാജുവിനെ തലശ്ശേരിയിലേക്ക് മാറ്റിയത്. കാഷ്വാലിറ്റി വഴി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ശേഷം സ്ഥിതി മോശമായതോടെ ഭാര്യ വിവരം പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ ആരും വന്നില്ല. ഓക്‌സിജന്‍ നല്‍കാന്‍ പോലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.