
ദില്ലി: മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കും . മുത്തലാഖ്ക്രിമിനല്‍ കുറ്റകരമാക്കികൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സർക്കാർ നേരത്തെ, സംസ്ഥാന സർക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു. ഇങ്ങനെ വിവാഹമോചനം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റമാണെന്ന് ബില്ലിൽ വ്യവസ്ഥചെയ്യുന്നു. കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.
മുത്തലാഖിന് ഇരയാക്കപ്പെടുന്ന സ്ത്രീക്ക് കോടതിയെ സമീപിച്ച് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം. കുട്ടികളുടെ സംരക്ഷണവും ജീവനാംശവും നിയമത്തില്‍ ഉറപ്പ് നല്‍കുന്നു. ഭേദഗതി വരുത്തിയ കരടു ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്. ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി കേന്ദ്രം മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.