ന്യൂഡല്‍ഹി: മുസ്‌ലിം വനിതകളെ മുത്തലാഖിന്റെ അനീതിയില്‍ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. മുസ്‌ലിം സമൂഹത്തില്‍നിന്നുള്ള പുരോഗമനവാദികളായ ആളുകള്‍തന്നെ മുത്തലാഖിന്റെ അനീതികളില്‍നിന്ന് മുസ്‌ലിം വനിതകളെ രക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുത്തലാഖ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുത്. രാജ്യത്തെ മുസ്‌ലിം പെണ്‍മക്കളുടെ അവകാശങ്ങള്‍ക്കായി എന്നും പോരാടുമെന്നും മോദി പ്രഖ്യാപിച്ചു. പ്രാചീനമായ ഈ നിയമത്തിന് തന്റെ സര്‍ക്കാര്‍ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുസ്!ലിം വ്യക്തിനിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെയും പരിഗണനയിലുണ്ട്. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.
അടുത്തിടെ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു. സാമുദായിക സംഘര്‍ഷമുണ്ടാകാത്ത തരത്തിലാകണം മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മുസ്‌ലിം സ്ത്രീകളുടെ പിന്തുണയോടെയും പ്രചാരണത്തിന്റെയും പിന്‍ബലത്തിലാകണം ലക്ഷ്യം നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.