ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമം നടത്തുകയാണ്. ഇക്കാര്യം പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമാനത്താവളത്തിന് പുറത്തുള്ള പ്രതിഷേധക്കാര്‍. തൃപ്തി മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് തൃപ്തി ദേശായി.
പൊലീസ് സുരക്ഷ നല്‍കുമെന്ന് ഉറപ്പുനല്‍കി. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി കുറ്റപ്പെടുത്തി. തൃപ്തിക്ക് വാഹനസൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് തൃപ്തി ദേശായിയെ കൊണ്ടുപോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചെങ്കിലും വന്ന വാഹനം മടങ്ങിപ്പോയി. ഓണ്‍ലൈന്‍ ടാക്‌സിക്കാരും വിസമ്മതം അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല.
നിരവധിപ്പേര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരുന്ന് നാമം ജപിച്ചാണ് പ്രതിഷേധിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തൃപ്തി ദേശായി യാത്ര അവസാനിപ്പിച്ച് തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൃപ്തിയും സംഘവും ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ തുടരുകയാണ്.