തൃപ്തി ദേശായിയുടെ രണ്ടാം വരവിന് പിന്നിലും സി.പി.എമ്മോ?ശബരിമലയില്‍ പോകാനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തൃപ്തി ദേശായിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് താന്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയതെന്ന് വെളിപ്പെടുത്തി തൃപ്തി ദേശായി. കേരളത്തിലെത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തൃപ്തി ദേശായി വ്യക്തമാക്കിയാതായി ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .

ഇതോടെ തൃപ്തി ദേശായി എപ്പോള്‍ എത്തുമെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. ശബരിമലയില്‍ ആചാരലംഘനം നടത്താനായി തൃപ്തി ദേശായിയും സംഘവും എത്തുമെന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ഇതോടെ തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

രാവിലെ മുതല്‍ കേരളത്തില്‍ അരങ്ങേറിയ നാടകം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തൃപ്തി ദേശായി തന്നെ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ, നവംബര്‍ 20ന് ശേഷം തൃപ്തി ദേശായി ശബരിമലയിലെത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി വന്നത് മുതല്‍ യുവതീ പ്രവേശനം സാധ്യമാക്കാന്‍ മുന്നില്‍ നിന്ന ആളുകളിലൊരാളാണ് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി തൃപ്തി ദേശായി എത്തിയതും കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാനാകാതെ മടങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതും വൈറലായതുമാണ് തൃപ്തി ദേശായിക്ക് പിന്നിൽ സി.പി.എമോ എന്ന ചോദ്യവും? ഇതിന് പിന്‍ബലമേകി ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതില്‍ കൂടുതലും ശ്രദ്ധ നേടിയത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ടും തൃപ്തിദേശായിയും ഒരുമിച്ചുള്ള ഫോട്ടോകൾ ആയിരുന്നു. ഇന്ന് വീണ്ടും തൃപ്തി ദേശായി എത്തുമ്പോള്‍ ചിത്രങ്ങളും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയാണ്. ചിത്രങ്ങള്‍ തന്നെ സംസാരിക്കുമ്പോൾ വാക്കുകൾക്കെന്ത് പ്രസക്തി.

വളരെ പരിചിതമായ രണ്ട് വ്യക്തികളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രത്തിന് പക്ഷേ കേരളത്തിന്‍റെ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. ശബരിമല പ്രവേശനത്തിനായുള്ള തൃപ്തി ദേശായിയുടെ വരവ് സിപിഎമ്മിന്‍റെ ഗൂഡാലോചനയുടെ ഫലമാണെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് അരക്കിട്ടുറപ്പിക്കാൻ പോന്ന തരത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ആർഎസ്എസ് സഹചാരി എന്ന് സഖാക്കൾ തന്നെ പറയുന്ന ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുമായുള്ള സ്വകാര്യ സൗഹൃദ കൂടിക്കാഴ്ചയെന്നും സൈബര്‍ലോകം പറയുന്നു.

ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ പൂനെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി മികച്ച യുവ നിയമസഭാ സാമാജികർക്കുള്ള അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച. ഇരുവരുടെയും സൗഹൃദം വാര്‍ത്തയായതിനൊപ്പം തന്നെ ആദര്‍ശ് യുവ വിധായക് സമ്മാന്‍ അവാര്‍ഡ് ലഭിച്ച വീണാ ജോര്‍ജ് എം.എല്‍.എ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലും തൃപ്തി ദേശായിയുടെ സാന്നിധ്യം ഉണ്ടായിരുന്നതിന്‍റെ ദൃശങ്ങളും അന്ന് പ്രചരിച്ചിരുന്നു. ആര്‍.എസ്.എസ് സഹചാരിയെന്ന് സി.പി.എമ്മുകാര്‍ തന്നെ പറയുന്ന തൃപ്തി ദേശായി സി.പി.എമ്മിന്‍റെ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന വേദികളില്‍ സജീവ സാന്നിധ്യമാകുന്നതിനെ ചോദ്യങ്ങളോടെയാണ് പൊതുജനങ്ങള്‍ സ്വീകരിച്ചത്.

Top