കൊച്ചി: വിപ്ലവ തൊഴിലാളി പാർട്ടിയായ സി.പി.എം ഇന്ത്യ രാജ്യത്ത് നിന്ന് തുടച്ച് നീക്കപ്പെടുന്ന കാലം വിദൂരമല്ല എന്ന സൂചന നൽകുന്ന ത്രിപുര തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു. രാജ്യത്തെ ചുവപ്പുകോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായിരുന്നു ത്രിപുരയിലെ ഭരണം. എന്നാല്‍ 25 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് ഇക്കുറി തിരശ്ശീല വീണേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഫെബ്രുവരി പതിനെട്ടിനാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദീര്‍ഘകാലമായി ചുവപ്പുകോട്ടയായിരുന്ന ത്രിപുര ഇക്കുറി മാറി ചിന്തിക്കുമോ എന്നാണ് സകലരും ഉറ്റു നോക്കുന്നത്. ത്രിപുരയില്‍ ബിജെപി കൈവരിക്കുന്ന വളര്‍ച്ച പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല ഭരണപക്ഷത്തെത്തന്നെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. അടുത്തിടെ അമര്‍പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കായി.
കിഴക്കന്‍ ത്രിപുരയില്‍ നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട പട്ടണമായ കല്യാണ്‍പൂര്‍ ഒരു കാലത്ത് വിപ്ലവങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചിരിക്കുന്നു. ട്രൈബല്‍ സെസെഷനിസ്റ്റ് മൂവ്‌മെന്റ്,നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്നീ ഗോത്ര സംഘടനകള്‍ വലിയ ഓപ്പറേഷനുകള്‍ നടത്തിയ സ്ഥലമാണ് കല്യാണ്‍പൂരും പരിസര പ്രദേശങ്ങളും.1970 മുതല്‍ ഗോത്ര സംഘടകള്‍ നടത്തിയ പല വിധത്തിലായ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് തങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിന്മേലാണ്. പ്രത്യേക സംസ്ഥാനം വേണമെന്ന വാദത്തെ നയിക്കുന്ന ഗോത്രവര്‍ഗ രാഷ്ട്രീയ പാര്‍ട്ടിയായ ഐപിഎഫ്ടി(ഇന്‍ഡിജെനസ് പീപ്പീള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) ഇപ്പോള്‍ ബിജെപിയുമായി സഖ്യത്തിലാണ്.
ഈ സഖ്യമാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ തലവേദന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാര്‍ കൂറുമാറിയതോടെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി ഇക്കുറി രണ്ടും കല്‍പ്പിച്ചു തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്. ഭരണവിരുദ്ധ വികാരങ്ങളും തങ്ങള്‍ക്ക് തുണയാകുമെന്ന് ബിജെപി കരുതുന്നു. കോണ്‍ഗ്രസ് ചിത്രത്തിലേയില്ല എന്നതാണ് യാഥാര്‍ഥ്യം. നിലവിലുള്ള രണ്ടു സീറ്റുകള്‍ നിലനിര്‍ത്താമെന്നു പോലും ഇവര്‍ക്ക് പ്രതീക്ഷയില്ല. ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും അവസാന ചെങ്കൊടിയും പിഴുതെറിയപ്പെടുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്.
ത്രിപുരയിലെ 67 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. അതില്‍ 20 ശതമാനം ആളുകളും സിപിഎം പാര്‍ട്ടി അംഗങ്ങളുമാണ്. എന്നാല്‍ ഇവരെല്ലാം നല്ല നിലയില്‍ ജീവിക്കുന്നവരാണ് എന്നതാണ് യാഥാര്‍ഥ്യം. ഇവരുടെ ഭാര്യമാരെല്ലാം ഗവണ്‍മെന്റ് ജോലിക്കാരാണ്. ഇത്തരത്തില്‍ ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടിയ പാര്‍ട്ടിക്കാര്‍ക്കെതിരേ പല കോണില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സ്വജനപക്ഷപാതത്തിന്റെ അങ്ങേയറ്റമാണ് ത്രിപുരയിലുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ പറയുന്നു.
എന്നാല്‍ ഭരണം നഷ്ടപ്പെടുമെന്ന ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുകയാണ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയെ ഭിന്നിപ്പിക്കാമെന്ന് വിചാരിക്കുന്നവരുടെ മോഹങ്ങള്‍ നടപ്പാകില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. എന്നിരുന്നാലും 1993ല്‍ ഭരണത്തിലേറിയ ശേഷമുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പാണ് സിപിഎമ്മിന് ഇത്.
ഭരണവിരുദ്ധ വികാരങ്ങളും തൊഴിലില്ലായ്മയുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മ പത്തു ശതമാനമാണെങ്കില്‍ നഗരമേഖലയില്‍ ഇത് 25.2 ശതമാനമാണ് എന്നതാണ് വസ്തുത. 87.2 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ഇത്ര വലിയ തൊഴിലില്ലായ്മയുള്ളത് യുവാക്കള്‍ക്കള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനും സാധ്യതയുണ്ട്.