ത്രിപുരയിലെ ചെങ്കോട്ടയില്‍ ബിജെപി; നഗര മേഖലയില്‍ വന്‍ മുന്നേറ്റം; ആദിവാസി മേഖലയില്‍ ഐപിഎഫ്റ്റി പിടിക്കുന്നു

അഗര്‍ത്തല: ത്രിപുര എന്ന ചെങ്കോട്ടയില്‍ ബിജെപിയുടെ കുതിപ്പ്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫലം പ്രവചനാതീതമാകുകയാണ്. ഒന്നോ രണ്ടോ സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാകും അന്തിമ വിധിയെന്ന സൂചനയാണ് കിട്ടുന്നത്. പകുതി വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴാണ് ഇപ്പോഴത്തെ സന്ദര്‍ഭം.

60 അഗം സഭയില്‍ 57 ഇടത്തെ ലീഡ് നില അറിവാകുമ്പോള്‍ 32 ഇടത്ത് ബിജെപിയും 25 ഇടത്ത് ഇടതുപക്ഷവുമാണ് മുന്നില്‍. കഴിഞ്ഞ തവണ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വന്‍ തിരിച്ചടി നേരിടുകയാണ്. ആദിവാസി മേഖലയില്‍ ബിജെപി കൂട്ടുകക്ഷിയായ ഐപിഎഫ്റ്റി നടത്തിയ മുന്നേറ്റം ബിജെപിയെ സഹായിക്കുകയാണ്.

രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി സിപിഎമ്മിനെ വിറപ്പിച്ചു. ത്രിപുരയുടെ ചെങ്കോട്ടയില്‍ ഇടതുപക്ഷത്തെ അട്ടിമറിച്ച് 32 സീറ്റില്‍ ബിജെപി മുന്നേറുന്നു. ഇടതുപക്ഷം 25 സീറ്റുമായി പിന്നിലാണ്. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണു രാജ്യം നോക്കിക്കാണുന്നത്. രണ്ടു സീറ്റില്‍ സാന്നിധ്യമറിയിച്ച കോണ്‍ഗ്രസ് ഒടുവിലത്തെ ഫലസൂചനകളില്‍ ‘സംപൂജ്യ’രായി.

മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി. 20 സീറ്റില്‍ ലീഡ് നേടി കോണ്‍ഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എന്‍പിപി 16 സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തി. ബിജെപി ഒരു സീറ്റു കൂടി പിടിച്ചെടുത്ത് ലീഡ് ഏഴാക്കി. മറ്റുള്ളവര്‍-13. നാഗാലാന്‍ഡില്‍ 25 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. എന്‍പിഎഫ് 29 സീറ്റുമായി മുന്നില്‍. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിലുണ്ട്. മറ്റുള്ളവര്‍-3. കഴിഞ്ഞതവണ ബിജെപി ഒന്നും എന്‍പിഎഫ് 38 സീറ്റുമാണ് നേടിയത്. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു ത്രിപുരയില്‍ സിപിഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. മൂന്നിടത്തും 60 വീതമാണു സീറ്റ്.

Top