തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇക്കാര്യം നേരത്തെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അന്‍പത് വര്‍ഷത്തേക്ക് വിമാനത്താവളം അദാനി ഗ്രൂപ്പിന് കീഴിലാണുണ്ടാവുക.
കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് അദാനി എന്റര്‍പ്രൈസസ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ലേലം പിടിച്ചത്. തിരുവനന്തപുരത്തിനു പുറമേ മംഗളുരു, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങളുടെ തടത്തിപ്പിനുള്ള അവകാശവും അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു.
നടത്തിപ്പ് അവകാശം കൈമാറാനുള്ള കുറിപ്പ് മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പരിഗണിച്ചിരുന്നില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് നിലവില്‍ ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.