പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്കു പിന്തുണ ആവര്‍ത്തിക്കുന്നതായും ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ പാകിസ്താന്‍ കര്‍ശന നടപടിയെടുക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരാക്രമണത്തെ യുഎന്‍ രക്ഷാസമിതിയും അപലപിച്ചു.
അത്യന്തം നിന്ദ്യവും ഹീനവുമായ ആക്രമണമാണിതെന്ന് 15 അംഗരക്ഷാസമിതി പ്രമേയത്തില്‍ പറഞ്ഞു. ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യു.എസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.