വിശ്വാസ്യത നഷ്ടപ്പെടുന്ന ജുഡീഷ്വറി…

വി.എം.സുധീരൻ

ഭരണഘടനാ സ്ഥാപനങ്ങളായ നിയമ നിര്‍മ്മാണ സഭകളുടെയും എക്‌സിക്യൂട്ടീവിന്റേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതിരൂക്ഷമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്ന് വരാറുണ്ടെങ്കിലും ജുഡീഷ്വറിയെ കുറിച്ച് തുറന്ന വിമര്‍ശനങ്ങള്‍ സാധാരണ ഉണ്ടാകാറില്ല. ജുഡീഷ്യല്‍ സംവിധാനത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും ആക്ഷേപങ്ങളും സംബന്ധിച്ച പരാമര്‍ശം അത്യപൂര്‍വമായി മാത്രമേ പൊതുവേദികളില്‍ ഉയര്‍ന്നു വരാറുള്ളൂ.ജുഡീഷ്വറിയില്‍ 20% അഴിമതിക്കാരുണ്ടെന്ന് പറഞ്ഞ മുന്‍ ചീഫ് ജസ്റ്റിസ് ബറൂച്ചയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ഇതുള്‍പ്പടെയുള്ള മുന്‍ ന്യയാധിപന്മാരുടെ സ്വയം വിമര്‍ശനപരമായ പരാമര്‍ശങ്ങള്‍ വന്നിട്ടുള്ളത് വിസ്മരിക്കുന്നില്ല. എങ്കിലും ജുഡീഷ്വറിയിലെ പാകപ്പിഴകള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പൊതു നിയന്ത്രണം എല്ലാ ഭാഗത്തുനിന്നും പാലിക്കപ്പെടാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ ജുഡീഷറി തന്നെ വിവിധ വിധികളിലൂടെ അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ 4 സീനിയര്‍ ജഡ്ജിമാര്‍ തന്നെ പ്രതികരിക്കുകയും പിന്നീട് അതില്‍പെട്ട ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫും തുടര്‍ പ്രതികരണങ്ങളുമായി മുന്നോട്ട് വരികയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയ ഘട്ടത്തിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാഹ്ബ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത ദേശവ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ദുരൂഹത ആരോപിക്കുന്ന ഹര്‍ജികള്‍ക്ക് യാതൊരു യോഗ്യതയില്ലെന്നും മരണം സ്വാഭാവികമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ആക്ഷേപകരമാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുരുതരമായ നീക്കമാണ് ഹര്‍ജികള്‍ക്ക് പിന്നിലുള്ളതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പരസ്യമായി ആക്ഷേപം ഉന്നയിക്കുന്നതിലേക്ക് എത്തിയ കേസിലാണ് മൂന്നംഗ ബഞ്ചിന്റെ ഈ വിധിയെന്നത് ശ്രദ്ധേയമാണ്.JUSTICE SC 4 PRESS

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് സുപ്രീം കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്.സത്യം അന്വേഷിച്ച് കണ്ടെത്താനല്ല; മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് ഈ വിധിയില്‍ പ്രതിഫലിക്കുന്നത്. പൊതുതാല്‍പ്പര്യഹര്‍ജി സൗകര്യം പലരും ദുരുപയോഗപ്പെടുത്തുന്നതായും ഇതുമൂലം കോടതിക്ക് സമയനഷ്ടം ഉണ്ടാകുന്നതായും ഉള്ള കോടതി പ്രതികരണം പ്രകോപനപരമായിരുന്നു എന്ന നിഗമനത്തിലേ ഒറ്റനോട്ടത്തില്‍ ആരും എത്തിച്ചേരൂ. ജസ്റ്റിസ് ലോയ കേസ് എടുത്തുപറഞ്ഞുകൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ലോയയുടെ മരണത്തിന്റെ സത്യസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതി അതെല്ലാം തമസ്‌കരിക്കാനാഗ്രഹിക്കുന്ന നിക്ഷിപ്ത താല്‍പര്യ ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന വിചിത്രമായ നിലപാട് സ്വീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ജനങ്ങള്‍ കാണുന്നത്.സുപ്രീംകോടതി തന്നെ അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അതുപോലെ തന്നെ ആവര്‍ത്തിക്കുന്നതാണ് ലോയ കേസിലെ സുപ്രീം കോടതിവിധി.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിന് അകത്തുള്ള മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി അട്ടിമറിക്കപ്പെട്ട അസാധാരണ തുടര്‍ വിധികളും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

രാജ്യവ്യാപകമായി മദ്യമൊഴുക്കാന്‍ മദ്യലോബിക്ക് കളം ഒരുക്കിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ സൗകര്യപ്പെടുത്തുന്ന ഈ വിധികളില്‍ പ്രതിഫലിക്കുന്നതും ജനതാല്‍പര്യങ്ങളല്ല, മറിച്ച് ജനദ്രോഹ നിക്ഷിപ്ത താല്പര്യങ്ങളാണെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന തരത്തിലുള്ള സുപ്രീംകോടതിവിധിയിലും വ്യക്തമാകുന്നത് വരേണ്യവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളാണ്. ശക്തമായ നിയമം നിലവിലുണ്ടായിട്ടും ദളിതര്‍ക്കും ഗോത്ര വര്‍ഗക്കാര്‍ക്കും എതിരെയുള്ള അതിക്രമ കേസുകളിലെ പ്രതികളില്‍ പത്തില്‍ എട്ടുപേരും ശിക്ഷിക്കപ്പെടുന്നില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് രാജ്യത്ത് നിലനില്‍ക്കുന്ന യഥാര്‍ത്ഥ അവസ്ഥയാണ് പുറത്ത് കൊണ്ടുവന്നിട്ടുള്ളത്.
അപ്പോള്‍ പിന്നെ സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ നിയമത്തില്‍ വെള്ളം ചേര്‍ത്താലത്തെ ദുരവസ്ഥ എന്തായിരിക്കും.? ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാത്ത തലത്തിലേക്കാണ് സുപ്രീംകോടതി വിധിയിലൂടെ കാര്യങ്ങളെത്തിച്ചിരിക്കുന്നത്.

അതിനെതിരെ ശക്തമായ പ്രതിഷേധ വികാരങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും അതൊന്നും കണ്ടില്ലെന്നു നടിച്ച് പുനഃപരിശോധനയ്ക്ക് തയ്യാറാകാത്ത സുപ്രീം കോടതി നിലപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തേണ്ട സുപ്രീംകോടതി തന്നെ നീതിരഹിതമായ നിലയില്‍ വിധികള്‍ പുറപ്പെടുവിക്കുന്നത് സുപ്രീംകോടതിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്.ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്തിയ കേസില്‍ സ്വാമി അസിമാനന്ദിനേയും മറ്റ് പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി കുറ്റവിമുക്തമാക്കിയ വിധി പറഞ്ഞതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ ജഡ്ജിയുടെ രാജി തികച്ചും ദുരൂഹമാണ്. എന്തൊക്കെയോ പന്തികേട് ഇതില്‍ കാണാവുന്നതാണ്.justice loya-case

വളരെയേറെ പ്രബുദ്ധമാണെന്ന് നാം അഭിമാനിക്കുന്ന കേരളത്തിലും ജുഡീഷ്യല്‍ രംഗത്ത് ഇത്തരം അനഭിലഷണീയമായ പ്രവണതകള്‍ പ്രകടമാകുന്നുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ലോയ കേസില്‍ വിധി പ്രസ്താവിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാര്‍ പ്രതികരിച്ചതിന്റെ ഒരു പ്രധാന കാരണം ലോയ കേസ് സീനിയര്‍ ജഡ്ജിമാരെ മറികടന്നുകൊണ്ട് ജൂനിയര്‍ ജഡ്ജിക്ക് കൈമാറി എന്നതാണല്ലോ.
ആ നിലയില്‍ തന്നെയാണ് ഹാരിസണ്‍ കേസ് ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യപ്പെട്ടത്. സീനിയര്‍ ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ബെഞ്ചിന് ഈ കേസ് നല്‍കിയത് എന്നത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ക്ഷേമരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് വന്‍കിട കോര്‍പ്പറേറ്റുകളുടെയും സാന്നിധ്യം ആവശ്യമാണെന്ന വിധിപ്രസ്താവത്തിലെ പരാമര്‍ശം തന്നെ ഈ കേസില്‍ വിചിത്രമായ സമീപനമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക-സാമ്പത്തിക നീതി എന്ന അടിസ്ഥാന തത്വത്തെ തന്നെ കാറ്റില്‍ പറത്തുന്നതാണ് ഇത്തരം പരാമര്‍ശം. സംസ്ഥാനസര്‍ക്കാര്‍ റോബിന്‍ ഹുഡിനെ പോലെ ആകരുതെന്ന പരാമര്‍ശത്തിലൂടെ ഹൈക്കോടതി തള്ളിപ്പറഞ്ഞത് സുപ്രീം കോടതി അംഗീകരിച്ച ഭൂപരിഷ്‌കരണ നിയമത്തെയാണ്. വ്യാജ രേഖകള്‍ ചമക്കല്‍, സര്‍ക്കാര്‍ഭൂമി കയ്യേറ്റം, സര്‍ക്കാരിന് നഷ്ടം വരുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും റഫറന്‍സ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നു. സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പാടേ തള്ളിക്കളഞ്ഞ ഡിവിഷന്‍ ബഞ്ചിന്റെ നടപടികളില്‍ ദുരൂഹത ഉണ്ടെന്ന ആക്ഷേപം പ്രസക്തമാണ്.

തന്നെയുമല്ല വിജിലന്‍സ് പിടിച്ചെടുത്ത വ്യാജമെന്ന് ആക്ഷേപം ഉയര്‍ന്ന് വന്നിട്ടുള്ള ആധാരം തിരികെ നല്‍കണമെന്ന് കാട്ടി ഹാരിസണ്‍ ഫയല്‍ ചെയ്ത കേസില്‍ ആധാരം ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. തൊണ്ടി മുതലായ ആധാരം വിട്ടുനല്‍കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ വിജിലന്‍സിന്റെ വാദം കൂടി കേള്‍ക്കാതെയുള്ള കോടതി നടപടി ആരെ സഹായിക്കാനാണ് എന്നത് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഈ വ്യാജ ആധാരം നിര്‍ണ്ണായകമാണെന്നിരിക്കേ അത് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നത് ക്രിമിനല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന സാഹചര്യം ഒരുക്കുമെന്ന് ഹാരിസണ്‍ കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്ത അഡ്വക്കറ്റ് സുശീല ഭട്ട് പറഞ്ഞത് ശ്രദ്ധേയമാണ്. ഇത്തരം അസാധാരണ നടപടികള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ആശ്ചര്യജനകമാണ്.justice-karnan

ഹാരിസണ്‍ കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തവും ഫലപ്രദവുമായ വാദഗതി അഡ്വ. സുശീല ഭട്ട് ഉയര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ എത്രയോ ജഡ്ജിമാരാണ് കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറിയത്. ഞായറാഴ്ചയായിരുന്നിട്ടും കേസ് പരിഗണിച്ച അസാധാരണ സ്ഥിതിവിശേഷവും ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ വാദം ദുര്‍ബലമാകുമെന്ന ധാരണയില്‍ തന്നെയാണ് ഹാരിസണ്‍ കരുക്കള്‍ നീക്കിയത്. അവരാഗ്രഹിച്ചത് പോലെതന്നെ സര്‍ക്കാരും പ്രവര്‍ത്തിച്ചു. ഹാരിസണിന്റെ മുന്‍ അഭിഭാഷകരുടെ അനുഗ്രഹവും ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും കാര്യത്തിലെന്നപോലെ ഇത്തരം വിധികളിലൂടെ നഷ്ടപ്പെടുന്നത് സംസ്ഥാനസര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും വിശ്വാസ്യത തന്നെയാണ്.

ഈ കേസില്‍ ഹാരിസണ്‍ താല്‍ക്കാലികമായി നേടിയെങ്കിലും സര്‍ക്കാരിന്റെ നിലപാടിലും കോടതി വിധിയിലും പുനപരിശോധന അനിവാര്യമാണ്. ആത്യന്തികമായി ജനതാല്‍പര്യം സംരക്ഷിക്കപ്പെടേണ്ടത് ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയിലും ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമാണ്. അതുകൊണ്ട് അടിയന്തിരമായി ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറകണം. ഇക്കാര്യത്തില്‍ വീഴ്ച വന്നാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയായിരിക്കും.ജുഡീഷ്വറിയില്‍ പ്രകടമാകുന്ന തെറ്റായ പ്രവണതകള്‍ തിരുത്തപ്പെടണം. അതിന് ജുഡീഷ്വറിയില്‍ നിന്നുതന്നെ ക്രിയാത്മക പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം. അതോടൊപ്പം തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കും പാര്‍ലമെന്റിനും ഉത്തരവാദിത്വമുണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ ഗുണപരമായ മാറ്റം ജുഡീഷ്വറിയിലുണ്ടാകണം. ഇതേ രീതിയില്‍ തന്നെ നിയമനിര്‍മാണ സഭകളുടേയും ജനാധിപത്യ സര്‍ക്കാരുകളുടെയും പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും പാളിച്ചകളും തിരുത്തപ്പെട്ടേ മതിയാകൂ.എങ്കിലേ ജനാധിപത്യം പ്രവര്‍ത്തനക്ഷമമാകൂ. രാജ്യത്തെ നന്മയിലേക്ക് നയിക്കാനാകൂ.

Top