ഇസ്താംബുള്‍: ലോകത്തെ ഞെട്ടിച്ചു കൊണ്ട് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. ബോംബ് സ്‌ഫോടനത്തില്‍ തുര്‍ക്കിയിലെ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളമാണ് കത്തിയത്. സ്‌ഫോടനത്തില്‍ 36പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30-നാണ് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്ഫോടനം നടന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കുളള വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇസ്താബുള്‍ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുളള ഇരട്ട സ്ഫോടനത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് പ്രാഥമിക വിവരം.
അക്രമികളില്‍ ഒരാള്‍ കലാഷ്നിക്കോവ് തോക്ക് ഉപയോഗിച്ച് വിമാനത്താവളത്തിന്റ പ്രവേശനകവാടത്തില്‍ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ കുര്‍ദിഷ് വിഘടനവാദികള്‍ ആണെന്നാണ് പൊലീസ് നിഗമനം.
അടുത്തിടെ തുര്‍ക്കിയെ പിടിച്ചുകുലുക്കിയ നിരവധി ബോംബ് സ്ഫോടനങ്ങളില്‍ ഐഎസിനും, കുര്‍ദിഷ് വിഘടനവാദികള്‍ക്കും പങ്കുണ്ടെന്നാണ് തുര്‍ക്കി അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ടെര്‍മിനലിന്റെ പ്രവേശനകവാടത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി എക്സ്റേ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കാറുകളുടെ സുരക്ഷാ പരിശോധന പരിമിതമായ നിലയിലാണ്.
ഈ പഴുത് മുതലാക്കി അക്രമികള്‍ വിമാനത്താവളത്തിന്റെ അകത്ത് പ്രവേശിച്ചതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം അക്രമത്തെ അപലപിച്ച തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഭീകരപ്രവര്‍ത്തനങ്ങളെ സംയോജിതമായി നേരിടണമെന്ന് ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.