കോഴിക്കോട്: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍ നഗരത്തില്‍ ഭൂമി ഇടപാടിന് കോടികളുടെ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ അഴിമതിയുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് കോഴിക്കോട് എം.പി രാഘവനെതിരെ ടി.വി 9 ഭാരതവര്‍ഷ എന്ന ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എം.പി ഇടനിലക്കാരനായി നില്‍ക്കണം എന്നാവശ്യപ്പെട്ടാണ് ടിവി സംഘം എം.പി യെ കാണുന്നത്. ഇതിന്റെ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നും പണം കാഷായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ ഇലക്ഷനില്‍ 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്ന വിഡിയോ ആണ് പുറത്തു വന്നത്.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. വാര്‍ത്തയ്ക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ആരോപണത്തെ പ്രതിരോധിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പണമൊഴിക്കിയതിന് തെളിവായി പുറത്തുവന്ന ഒളിക്യാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയത് അഞ്ച് ബി.ജെ.പി എം.പിമാരുള്‍പ്പെടെ 15 പേര്‍. കോഴിക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ എം.കെ രാഘവന്‍ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വലിയ ചര്‍ച്ചയായിരുന്നു.
ബി.ജെ.പി എം.പിമാരായ രാംദാസ്, ടാഡ്സ്, ലഖന്‍ ലാല്‍ സാഹു, ഉദിത് രാജ്, ഫഗന്‍സിങ് കുലസ്തെ, ബഹാദൂര്‍ സിങ് കോലി എന്നിവരും പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു കമ്പനിയുടെ പേരില്‍ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷന്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇവര്‍ ഉള്‍പ്പെടെ 15 പേര്‍ താല്‍പര്യം കാട്ടിയെന്നാണ് ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചാനല്‍ ആരോപിക്കുന്നത്.
ടി.വി ഭാരത് വര്‍ഷ എന്ന ഹിന്ദി ചാനലാണ് ദൃശ്യങ്ങളും വാര്‍ത്തയും പുറത്തുവിട്ടത്. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ചാനലാണ് ടി.വി 9. അടുത്തിടെ നടന്ന ടി.വി 9 ഗ്രൂപ്പിന്റെ ഹിന്ദി വാര്‍ത്താ ചാനലിന്റെ കോണ്‍ക്ലെയ്വില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആയിരുന്നു.