രൂ​പ സാ​ദൃ​ശ്യം മുതലാക്കി ഇ​ര​ട്ട സ​ഹോ​ദ​രനെ “ജയിലാക്കി’; മുങ്ങി നടന്ന തടവുകാരൻ പിടിയിൽ

ലിമ: രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ ജയിലിലാക്കിയ ശേഷം ജയിൽ അധികൃതരെ കന്പിളിപ്പിച്ച് ഒരു വർഷത്തോളം ചുറ്റിനടന്ന തടവുകാരൻ പിടിയിൽ. ബാലപീഡനത്തിനും മോഷണത്തിനും പെറുവിലെ ലിമയിലെ ജയിൽ 16 വർഷം തടവുശിക്ഷ അനുഭവിക്കുന്ന അലക്സാണ്ടർ ഡെൽഗാഡോയാണ് പിടിയിലായത്. കഴിഞ്ഞവർഷം ജനുവരിയിൽ ഡെൽഗാഡോയു‌ടെ ഇര‌ട്ട സഹോദരൻ ജിയാൻകാർലോ ജയിൽ സന്ദർശിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥർ കാണാതെ ജിയാൻകാർലോയെ പിടിച്ചുകൊണ്ടുപോയ ഡെൽഗാഡോ, സഹോദരനെ ജയിൽ വസ്ത്രങ്ങൾ അണിയിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ജിയാൻകാർലോയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ അറിയുന്നത്. ഒടുവിൽ 13 മാസത്തിന് ശേഷം തുറമുഖ നഗരമായ കല്ലോയിൽ നിന്നാണ് ഡെൽഗാഡോയെ പിടികൂടുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ആഭ്യന്തരമന്ത്രാലയം പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡെൽഗാഡോയെ സതേൺ ഹൈലാൻഡിലെ അതീവ സുരക്ഷയുള്ള ജയിലേക്ക് മാറ്റി. ജിയാൻകാർലോയെ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തു വരികയാണ്. ഡെൽഗാഡോയെ രക്ഷപ്പെടുത്താൻ ഇയാൾ കൂട്ടുനിന്നോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

Top