കുഞ്ഞുങ്ങളുടെ ഓരോ പിറന്നാളും മാതാപിതാക്കള്‍ക്ക് ആഘോഷമാണ്. വ്യത്യസ്ത രീതിയിലുള്ള വസ്ത്രങ്ങളും ഒരുക്കങ്ങളുമെല്ലാം ആഘോഷചടങ്ങിന് മോടികൂട്ടാന്‍ അവര്‍ ഒരുക്കും. അത്തരത്തില്‍ വ്യത്യസ്തമാര്‍ന്ന ഒരു ആഘോഷമാണ് ലാറ മേസണ്‍ എന്ന 31 കാരിയായ അമ്മ. തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഈ അമ്മ ഒരുക്കിയ സര്‍പ്രൈസ് ഒരു കേക്കാണ്. മിക്കി മൗസ്, ഡൊണാള്‍ഡ് ഡിസ്‌നി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളൊക്കെ കേക്കിന്റെ രൂപത്തിലാക്കി നാം കണ്ടിട്ടുണ്ട്. ഇപ്പോഴാണെങ്കില്‍ ഡിജിറ്റല്‍ രൂപത്തിലും ത്രിഡി രൂപത്തിലുമൊക്കെയുള്ള കേക്ക് വിപണിയിലുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ലാറ തന്റെ മക്കളുടെ രൂപത്തിലുള്ള രണ്ട് എഡിബിള്‍ കേക്കുകളാണ് ഉണ്ടാക്കിയത്. ഇതിന് വേണ്ടി ലാറ ചെലവഴിച്ച സമയം അറിയണ്ടേ…5 ദിവസങ്ങള്‍…അതായത് ഏകദേശം നൂറ് മണിക്കൂര്‍ എടുത്തു ഈ സ്‌പെഷ്യല്‍ കേക്ക് ഒരുക്കാന്‍. 44 മുട്ടയും രണ്ടരക്കിലോ മാവും 4 കിലോ ബട്ടര്‍ക്രീമുമാണ് കേക്കില്‍ ചേര്‍ത്തിരിക്കുന്നത്. അമച്വര്‍ ബേക്കര്‍ കൂടിയായ ലാറ തന്നെയാണ് പിന്നീട് മക്കളുടെ പിറന്നാളാഘോഷവേളയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അങ്ങനെയാണ് ലോകം ഈ അമ്മയുടെ സര്‍പ്രൈസിനെക്കുറിച്ച് അറിയുന്നത്. സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്ത ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു വയസ് മാത്രമായ കുസൃതിക്കുഞ്ഞുങ്ങള്‍ക്ക് അമ്മയൊരുക്കിയ ഭീമന്‍ കേക്കും സര്‍പ്രൈസുമൊന്നും മനസിലായിട്ടില്ല. അവരെപ്പോലെ തന്നെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ എന്ന ഭാവത്തില്‍ ആ കേക്കുകളെ തൊട്ടും തലോടിയും അവര്‍ ഇരുന്നു. കേക്കിനു മുന്നില്‍ മക്കളുടെ രൂപത്തിലുള്ള രണ്ട് പാവകള്‍ ഇരിക്കുന്ന രീതിയിലാണ് ലാറ കേക്ക് നിര്‍മ്മിച്ചത്. മക്കളായ ലിലിയുടെയും ലിലയുടെയും ഛായയും ആ കേക്കുകള്‍ക്കുണ്ട്. കേക്കിന് മുന്നിലിരുന്ന് കൈയിട്ടുവാരിയും പാവകേക്കുകള്‍ക്ക് കേക്ക് കൊടുത്തുമൊക്കെ ഈ ഇരട്ടുകുഞ്ഞുങ്ങള്‍ ഗംഭീരമായി തന്നെ അവരുടെ പിറന്നാള്‍ ആഘോഷിച്ചു.‘അവരുടെ ഒന്നാം പിറന്നാളിന് അവരുടെ വലിപ്പത്തിലുള്ള കേക്ക് നല്‍കണമെന്നുണ്ടായിരുന്നു. കുറച്ച് കഷ്ടപ്പെട്ടെങ്കിലും അതില്‍ വിജയിച്ചതില്‍ ഞാന്‍ ഹാപ്പിയാണ്’. മക്കള്‍ക്ക് ഇത്തരമൊരു സര്‍പ്രൈസ് ഒരുക്കിയതിനെ കുറിച്ച് ലാറ പറയുന്നു. മക്കളുടെ പിറന്നാളിന് സ്വന്തം കൈകൊണ്ട് കേക്കുണ്ടാക്കി നല്‍കുന്ന നിരവധി അമ്മമാരുണ്ടാവും. എന്നാല്‍ അവരുടെ ഒന്നാം പിറന്നാളിന് അവരുടെ വലിപ്പത്തില്‍ തന്നെയുള്ള ഒരു കേക്കുണ്ടാക്കി നല്‍കാനാണ് ലാറ ആഗ്രഹിച്ചത്. ”അവരുടെ അതേ ഛായ ആ കേക്കുകള്‍ക്കില്ല. പക്ഷേ എന്റെ ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇത്രയും ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമെനിക്കുണ്ട്.” കുഞ്ഞുണ്ടായാല്‍ പിന്നെ ഒന്നിനും സമയമില്ല എന്നാണ് എല്ലാ അമ്മമാരുടെയും പരാതി. അപ്പോള്‍ ഇരട്ടകുഞ്ഞുങ്ങള്‍..അതും കുസൃതിക്കുടുക്കകളായ ലിലിയേയും ലിലയേയും നോക്കുമ്പോഴും ഇങ്ങനൊരു കേക്ക് നിര്‍മ്മിച്ച ലാറ ശരിക്കുമൊരു താരം തന്നെയാണ്. ലാറയൊരുക്കിയ സര്‍പ്രൈസ് കേക്കിന്റെ ചിത്രങ്ങള്‍ ഭാവിയില്‍ ആ കുഞ്ഞുങ്ങള്‍ കാണുമ്പോള്‍ അവര്‍ അമ്മയെ അഭിനന്ദിക്കുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ചിത്രത്തിനെക്കുറിച്ച് ആളുകള്‍ പറയുന്നത്.
അഞ്ച് ദിവസം കൊണ്ട് അമ്മ പൊന്നോമനകള്‍ക്ക് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്; ആരും അമ്പരക്കും…
Tags: twins