
കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. വിമാനത്താവളത്തിന് പുറത്തെ ബാരണ്‍ ഹോട്ടലിന് സമീപമുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.
വിമാനത്താവളത്തിന് പുറത്ത് വെടിവയ്പ്പും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനികര്‍ അടക്കം നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണമെന്നാണ് സൂചന. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം സ്ഫോടനത്തിന്‍റെ വ്യാപ്തി പരിശോധിച്ച് വരികയാണെന്ന് പെന്‍റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. ആര്‍ക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരം ലഭിക്കുമ്പോള്‍ അറിയിക്കാമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കാബൂൾ വിമാനത്താവളത്തിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്കയും യുകെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കയാണ് ആദ്യം മുന്നറിയിപ്പ് നൽകിയത്. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നായിരുന്നു നിർദേശം. പിന്നാലെ യു.കെയും ആസ്ത്രേലിയയും ഇതേ മുന്നറിയിപ്പ് അവരുടെ പൗരന്മാർക്ക് നൽകി. ഐഎസിന്‍റെ പ്രാദേശിക ഘടകത്തില്‍ നിന്നാണ് ഭീകരാക്രമണ ഭീഷണിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്ത് 31ന് ശേഷം യുഎസ് സേനയ്ക്ക് അഫ്ഗാനിൽ തുടരാനാവില്ല. അതിനു മുൻപ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സ്വദേശത്തേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയാണ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനമുണ്ടായത്. അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും വൈകാതെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. 31 പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അതിനിടെ അമേരിക്ക കാബൂൾ വിട്ടാൽ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് താലിബാൻ തുർക്കിയുടെ സാങ്കേതിക സഹായം തേടിയതായി റിപ്പോർട്ടുണ്ട്. തുർക്കിയുടെയോ താലിബാന്റെയോ ഔദ്യോഗിക പ്രതികരണം ഈ വിഷയത്തിൽ വന്നിട്ടില്ല.