
പ്രളയക്കെടുതിയെ നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായത്തെക്കുറിച്ചാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നയങ്ങള്‍ കാരണമായി കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു വിലങ്ങു തടിയാകുന്നത്.
എന്നാല്‍ കേരളത്തിന് 700 കോടി നല്‍കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ മുഹമ്മദ് സാല അഹമ്മദ് അല്‍ജല ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനായി ഒരു അടിയന്തരസഹായസമിതിക്ക് യുഎഇ സര്‍ക്കാര്‍ ഒരു അടിയന്തരസമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇവരുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള സഹായം യുഎഇ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുഎഇ അംബാസിഡര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും ആണ് കേരളത്തിന് മരുന്നുകളും മറ്റു അവശ്യവസ്തുകളും ലഭ്യമാക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നതെന്നും ഇതല്ലാതെ സാമ്പത്തികസഹായം സംബന്ധിച്ച കാര്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് 700 കോടി രൂപ ധനസഹായം കേരളത്തിന് യുഎഇ നല്‍കുമെന്ന കാര്യം ആദ്യം വ്യക്തമാക്കിയത്. വ്യവസായി യൂസഫലിയുമായി അബുദാബി കിരീടാവകാശി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണാധികാരികള്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുകയും യുഎഇയുടെ സഹായമനസ്‌കതയ്ക്ക് മോദി നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.