കോഴിക്കോട്: ദേശീയഗാനക്കേസില്‍ അറസ്റ്റിലാ യിരുന്ന കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിക്കവെ പോലീസ് അറസ്റ്റ് ചെയ്ത നദി (നദീര്‍)ക്കെതിരെ യുഎപിഎ ചുമത്തി. മാവോയിസറ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. കരിനിയമം ചുമത്തിയ പോലീസ് നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആറളം ഫാമില്‍ വിയറ്റനാം കോളനിയില്‍ മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തകരെത്തി പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്ന കേസിലാണ് നടപടി. ഇതില്‍ ആറുപേരാണ് പ്രതികള്‍. ഈ സംഘത്തിനൊപ്പം നദിയെ കണ്ടതായി കോളനിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് പോലീസ് നിലപാട്.
ഇന്നു രാവിലെ 11 മണിയോടെയാണ് നദിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. രാവിലെ മഫ്തിയിലെത്തിയ നാലഞ്ചു പോലീസുകാര്‍ നദിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. നദിയെ ഒരു കേസിന്റെ കാര്യത്തിനായി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതാണ് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞത്. എന്നാല്‍ ഇവിടെനിന്നും പിന്നീട് നദിയെ ആറളം പോലീസിനു കൈമാറുകയായിരുന്നു. കണ്ണൂര്‍ ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 148/2016 നമ്പര്‍ കേസിലാണ് യുഎപിഎ.
കഴിഞ്ഞ വര്‍ഷം എല്‍ജിബിടി ക്വീര്‍ പ്രൈഡ് മാര്‍ച്ച് കഴിഞ്ഞ് നദിയും കൂട്ടുകാരും പൊന്മുടി സന്ദര്‍ശിച്ച തിനെ മോവോയിസ്റ്റുകളുടെ സന്ദര്‍ശനമായി വ്യാഖ്യാനിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തള്ളിപ്പറഞ്ഞും തുറന്നുകാണിച്ചും നദി മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു. കൂടാതെ കാബോഡി സ്‌കേപ്പ് ചിത്രത്തിന്റെ സഹസംവിധായകനായും നദി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ബാലുശേരി സ്വദേശിയായ നദി കണ്ണൂരില്‍ ജേണലിസം അധ്യാപകനായിരുന്നു. ഇപ്പോള്‍ ജോലിയുടെ ആവശ്യത്തിനായി ഖത്തറിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റ്.