ലെസ്റ്റര്‍: കഴിഞ്ഞ ദിവസം ലെസ്റ്ററില്‍ മരണമടഞ്ഞ ഗ്ലോറിസണ്‍ ചാക്കോ മരിച്ചത് വാഹനാപകടത്തിലല്ലെന്നും അത് തെറ്റായ വിവരമെന്നും പോലീസ്ഭാഷ്യം . പ്രേത്യക ചികിത്സയിലായിരുന്ന ഗ്ലോറിസണ്‍ ഡോക്ടര്‍ അപ്പോയിന്റ്‌മെന്റിന് ഹാജരാകാതിരുന്നപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തിയ പോലീസ് ഗ്ലോറിസണ്‍ കസേരയില്‍ മരിച്ചിരിക്കുന്നതാണ് കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗ്ലോറിസന്‍ ചാക്കോയുടെ മരണവിവരം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുകെയിലെ മലയാളി സമൂഹം അറിയുന്നത്. എംബസി അധികൃതര്‍ നാട്ടിലുള്ള ഗ്ലോറിസന്റെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മരണവാര്‍ത്ത പുറത്ത് വന്നത്. അപകട മരണം എന്ന നിലയിലായിരുന്നു എംബസി അധികൃതര്‍ വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും എംബസി അധികൃതര്‍ക്കും അറിയുമായിരുന്നില്ല. തുടര്‍ന്ന് മരണമടഞ്ഞ ഗ്ലോറിസന്റെ ജ്യേഷ്ഠസഹോദരന്‍ പരിചയക്കാരനും നാട്ടുകാരനുമായ മുന്‍ യുക്മ പ്രസിഡണ്ട് വിജി കെ.പിയെ ബന്ധപ്പെടുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് കാരിയെ വിവാഹം കഴിച്ച് യുകെയില്‍ എത്തിച്ചേര്‍ന്ന ഗ്ലോറിസന്‍ പിന്നീട് ഇവരുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായും ബന്ധുക്കളുമായും ഒന്നും യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. താന്‍ താമസിച്ചിരുന്ന ലെസ്റ്ററിലെ മലയാളി സമൂഹവുമായും ഗ്ലോറിസന്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നിരുന്നാലും ഇദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ എല്ലാ സഹായങ്ങള്‍ക്കും സന്നദ്ധരായി ഇവിടുത്തെ മലയാളി സമൂഹം ഒറ്റക്കെട്ടായി കൂടെയുണ്ടായിരുന്നു. മൃതദേഹം എംബസി മുഖാന്തിരം നാട്ടിലെത്തിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിനാവശ്യമായ ചെലവ് വഹിക്കാനും ഇവിടുത്തെ മലയാളികള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എല്‍കെസി പ്രസിഡണ്ട് ജോര്‍ജ്ജ് എടത്വ, സെക്രട്ടറി അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു എന്ന് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന വിജി കെ.പി. മലയാളം യുകെയോടു പറഞ്ഞു. ഗ്ലോറി സന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണ്ണ ചെലവ് എംബസി മുഖാന്തിരം നിര്‍വഹിക്കുമെന്നും ഇവര്‍ വിജിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകളും മറ്റും ശരിയാക്കി വരികയാണെന്നും വിജി പറഞ്ഞു.മകന്‍റെ മരണം സംബന്ധിച്ച അവ്യക്തതകള്‍ നീങ്ങിയതിലുള്ള ആശ്വാസത്തിലാണ് ഗ്ലോറിസന്റെ അമ്മ സാറാമ്മ ചാക്കോ. ഒപ്പം അവസാനമായി മകനെ ഒരു നോക്ക് അവസാനമായി കാണാം എന്നതിലും. ഇതിനായി ശ്രമിച്ച എല്ലാ യുകെ മലയാളികള്‍ക്കും നന്ദി പറയുന്നതായി ഗ്ലോറിസന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് ചാക്കോ ഗ്ലോറിസണ്‍ മരിച്ചത്. ആരുമായും അടുത്ത ബന്ധമില്ലാതിരുന്ന ഗ്ലോറിസണ്‍ മുളന്തുരുത്തി സ്വദേശിയാണ്. മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ശ്രീ ജോളിയുടെ ഭാര്യാ സഹോദരന്‍ കൂടിയാണ് മരണമടഞ്ഞ ചാക്കോ ഗ്ലോറിസണ്‍. ശ്രീ ജോളിയുടെ സുഹൃത്തും മുളന്തുരുത്തി സ്വദേശിയുമായ യുക്മ മുന്‍ പ്രസിഡന്റ് ശ്രീ വിജി കെ പിക്കാണ് ഇവിടെ കാര്യങ്ങള്‍ നീക്കുന്നതിന് അനുമതി പത്രം നല്‍കിയിരിക്കുന്നത്.
ഗ്ലോറിസണ്‍ ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മിഡ്‌ലാന്‍ഡ്‌സ് റീജിയനും ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റിയും മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ളവരും അടുത്ത ബന്ധുക്കളില്ലാത്തവരുമായവര്‍ക്കു നല്‍കുന്ന സ്‌കീം പ്രകാരം മൃതദേഹം ഏറ്റെടുത്ത് നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നതായി ശ്രീ വിജി കെ പി അറിയിച്ചു.