തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ(യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍)യില്‍ മൂന്നര കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി ഉയര്‍ന്നത്. യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതം സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. കോടികളുടെ തട്ടിപ്പായതിനാല്‍ ഓഡിറ്റ് നടത്തി മാത്രമേ കുറ്റവാളികളെ കണ്ടെത്താനാകൂ.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍ എന്നിവരാണ് മറ്റു പ്രതികള്‍. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാകുറ്റം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പി അബ്ദുള്‍ റഷീദിനാണ് അന്വേഷണ ചുമതല. എഫ്.ഐ.ആര്‍ തൃശൂര്‍ കോടതിയില്‍ സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് മേധാവി ടി.കെ. വിനോദ് കുമാറിന്റെ ശുപാര്‍ശയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.
2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. നഴ്സുമാരില്‍ നിന്ന് പിരിച്ച മാസവരി ഉള്‍പ്പെടെ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മൂന്നരക്കോടി അനധികൃതമായി പിന്‍വലിച്ചെന്നും പരാതിയിലുണ്ട്. പ്രതിമാസം 150 രൂപ വരിസംഖ്യയാണ് നഴ്‌സുമാര്‍ നല്‍കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ സംഘടനയുടെ പേരില്‍ തൃശൂരിലെ സ്വകാര്യ ബാങ്കില്‍ മൂന്ന് കോടി 71 ലക്ഷം നിക്ഷേപിച്ചിരുന്നതായും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് വാടക ഇനത്തിലുമായി 1.40 കോടി രൂപ ചെലവഴിച്ചതായും രേഖകളുണ്ട്. ബാക്കി 2.20 കോടി രൂപ അക്കൗണ്ടില്‍ നിന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവറടക്കം പല രീതിയില്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന് രേഖകളില്ല. ബാക്കിയുള്ളത് 8,55,000 രൂപ മാത്രം. ഇതുകൂടാതെ 2017 ഏപ്രില്‍ മുതല്‍ അംഗത്വ ഫീസായി ഇരുപതിനായിരം പേര്‍ 500 രൂപ വീതം നല്‍കിയ കണക്കില്‍ 68 ലക്ഷം രൂപ ജില്ലാ കമ്മിറ്റികളും യൂണിറ്റുകളും നല്‍കിയിട്ടുണ്ട്. ഇത് അക്കൗണ്ടില്‍ വന്നിട്ടില്ല. ഇതുള്‍പ്പെടെ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
പരാതി ആദ്യം അന്വേഷിച്ച തൃശൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് ക്രമക്കേടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പരാതിക്കാരുടെ മൊഴിപോലും രേഖപ്പെടുത്താതെയുള്ള റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് സിബി വീണ്ടും ക്രൈംബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ അന്വേഷണം തിരുവനന്തപുരം യൂണിറ്റിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ, തൃശൂരിലെ ഓഫീസില്‍ നിന്നു രേഖകള്‍ മോഷണം പോയെന്ന് കാട്ടി തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യു.എന്‍.എ ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസെടുത്ത് അന്വേഷിച്ചാലേ സത്യം കണ്ടെത്താനാവൂ എന്നും ക്രൈംബ്രാഞ്ച് മേധാവിയുടെ ശുപാര്‍ശയിലുണ്ടായിരുന്നു. രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.