മനാമ: ലോക പൈതൃക പട്ടികയിലേക്ക് നാല് സ്ഥലങ്ങള്‍കൂടി. ബഹ്‌റൈനില്‍ നടക്കുന്ന യുനസ്‌കോ ലോക പൈതൃകസമ്മേളനത്തിന്റെ പ്രത്യേക യോഗമാണ് ലോക പൈതൃക പട്ടികയിലേക്ക് പുതുതായി നാല് സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയത്. തുര്‍ക്കിയിലെ ഗോബക്‌ലി ടെപെ, ജര്‍മനിയിലെ നയുംബര്‍ഗ് കതീഡ്രല്‍, കൊളംബിയയിലെ ക്രിബികൊയറ്റെ ദേശീയ പാര്‍ക്ക്. കാനഡയിലെ പിമാകിഓവിന്‍ അകി. എന്നീ സാംസ്‌കാരിക, ചരിത്ര ശേഷിപ്പുകള്‍ നിറഞ്ഞ നാല് സ്ഥലങ്ങളാണ് യുനസ്‌കോ പട്ടികയില്‍ ഇടം പിടിച്ചത്. ശൈഖ് ഹയ ബിന്‍ത് റാഷിദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിവിധ രാജ്യങ്ങളിലെ ചരിത്ര സ്ഥലങ്ങള്‍ക്ക് പുറമെയാണിത്.
തുര്‍ക്കിയിലെ തെക്ക്കിഴക്കന്‍ അനറ്റോളിയയിലെ ജര്‍മുസൂസ് പര്‍വതനിരകളില്‍ സാന്റിലി ഹുബ് എന്ന സ്ഥലത്ത്സ്ഥിതി ചെയ്യുന്ന ‘ഗോബക്‌ലി ടെപെ’ മൊസോപ്പൊട്ടാമിയന്‍ നാഗരികതയിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ഇടമാണ്. നവീന ശിലായുഗം തുടങ്ങുന്നതിന് മുമ്പുള്ള ജനത വസിച്ച സ്ഥലമെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. വൃത്താകൃതിയിലുള്ളതും ചതുരാകൃതിയിലുള്ള പാറകളില്‍ രേഖപ്പെടുത്തപ്പെട്ട സന്ദേശങ്ങളും വലിയ പ്രതിമകളും ഇവിടെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 12 കിലോമീറ്ററായി വ്യാപിച്ച് കിടക്കുന്ന, സമുദ്രനിരപ്പിന് ഏകദേശം 760 മീറ്റര്‍ ഉയരത്തിലുള്ള ഈ ദേശത്തിന്റെ ചരിത്രസാക്ഷ്യങ്ങള്‍ 1963 ലാണ് ഖനനത്തിലൂടെ കണ്ടെത്തുന്നത്. ബി.സി എട്ടിനും പത്തിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട സ്തംഭങ്ങളും ശില്‍പ്പങ്ങളുമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
ജര്‍മനിയിലെ ‘നയുംബര്‍ഗ് കതീഡ്രല്‍’ 13ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട റോമന്‍ മാതൃകയിലുള്ള ദേവാലയമാണ്. മധ്യകാലഘട്ടത്തിലെ വാസ്തുനിര്‍മ്മിതിയുടെയും കലയുടെയും നേര്‍പ്പകര്‍പ്പാണിത്. ചുമര്‍ശില്‍പ്പങ്ങളാണ് ഈ പുരാതന ദേവാലയത്തെ വിത്യസ്തമാക്കുന്നത്.
കൊളംബിയയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് ‘ക്രിബികൊയറ്റെ ദേശീയ പാര്‍ക്ക’. ഇവിടത്തെ വനമേഖലയിലെ പാറയിടുക്കില്‍ നിന്ന് കണ്ടെത്തിയ പുരാതനമായ ഛായാചിത്രങ്ങളില്‍ നിന്നാണ് ആദിമ ജനതയുടെ ജീവിതത്തെ കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകള്‍ ലഭിച്ചിട്ടുണ്ട്. ഏതാണ്ട് 20000 വര്‍ഷങ്ങള്‍ പഴക്കമുള്ള 75000ത്തിലധികം ചിത്രരചനകളാണ് ഇവിടെ നിന്നും ചരിത്രകാരന്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത്. അന്നത്തെ കാലഘട്ടത്തിലെ ജീവിത രീതികള്‍ ഈ ചിത്രങ്ങളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
കാനഡയിലെ ‘പിമാകിഓവിന്‍ അകി’ ‘ജീവന്‍ നല്‍കുന്ന ഭൂമി’എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 29040 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ സാംസ്‌കാരിക പ്രകൃതിദത്ത മേഖല ആദിമ സംസ്‌കാരത്തിന്റെ വിത്തുകള്‍ പാകപ്പെട്ട ഇടം എന്നാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട മാനവ സംസ്‌കാരം രേഖപ്പെടുത്തിയ സാക്ഷ്യങ്ങള്‍ കാണാന്‍ ഇന്നും നിരവധിപേര്‍ ഇവിടെയെത്താറുണ്ട്.